മുംബൈ (മഹാരാഷ്‌ട്ര) : അനധികൃതമായി താമസിക്കുന്ന അഫ്‌ഗാൻ പൗരനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ 17 വർഷമായി മുംബൈയിൽ അനധികൃതമായി താമസിക്കുന്ന സഹീർ അലി ഖാൻ (38) നെയാണ് അറസ്റ്റ് ചെയ്‌തത്. പരിശോധനയിൽ ഇന്ത്യൻ പൗരത്വം കാണിക്കുന്ന സഹീര്‍ എന്ന പേരിലുള്ള പാൻ കാർഡും ഡ്രൈവിങ് ലൈസൻസും ഹാജരാക്കിയിരുന്നു. എന്നാൽ, വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തി.
മുംബൈയിലെ വഡാല പ്രദേശത്ത് ചില അഫ്‌ഗാൻ പൗരന്മാർ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ, സീനിയർ മുംബൈ ക്രൈംബ്രാഞ്ച് യൂണിറ്റ് 5 ന്‍റെ സംഘം പ്രദേശത്ത് നടപടിയെടുക്കുകയും പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്‌തു. ഇന്ത്യൻ പൗരനാണെന്ന് അവകാശപ്പെടുന്ന സഹീര്‍ എന്ന പേരിലുള്ള പാൻ കാർഡും ഡ്രൈവിങ് ലൈസൻസും പൊലീസ് കണ്ടെത്തി, എന്നാൽ തെറ്റായ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പൊലീസിന് മനസിലായി.
തുടർന്ന് ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്‌ത ശേഷം താൻ അഫ്‌ഗാൻ പൗരനാണെന്നും 2007 മുതൽ മുംബൈയിലാണ് താമസമെന്നും സമ്മതിച്ചതായും മുംബൈ ക്രൈംബ്രാഞ്ച് യൂണിറ്റ് 5 ന്‍റെ ചുമതലയുള്ള ഘനശ്യാം നായർ പറഞ്ഞു. ഇയാളുടെ വീട്ടിൽ നിന്ന് അഫ്‌ഗാൻ പാസ്‌പോർട്ട്, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ്, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കി പ്രതിയെ ഫെബ്രുവരി 26 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.