ബാന്ദ(ഉത്തര്‍പ്രദേശ്): ഗുണ്ടാനേതാവായിരുന്ന രാഷ്‌ട്രീയ നേതാവ് മുക്താര്‍ അന്‍സാരിയുടെ മരണം ഹൃദയാഘാതം മൂലം തന്നെയെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വൈകിട്ട് നാല് മണിയോടെയാണ് പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മകന്‍ ഒമര്‍ അന്‍സാരിയും മരുമകള്‍ നിഖാത് അന്‍സാരിയും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി സ്വദേശമായ ഗാസിപ്പൂരിലേക്ക് കൊണ്ടുപോയി. പുലര്‍ച്ചെ രണ്ട് മണിയോടെ ഗാസിപ്പൂരിലെത്തുമെന്നാണ് കരുതുന്നത്.
ശനിയാഴ്‌ച സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ബാന്ദ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ബാന്ദ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്‍റെ നില ഗുരുതരമാകുകയും ആശുപത്രിയില്‍ വച്ച് മരണം സംഭവിക്കുകയുമായിരുന്നു.
ഇന്നലെ രാത്രി പത്തരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഡിജിപി പ്രശാന്ത് കുമാര്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഗാസിപ്പൂരിലും മൗലുമടക്കമാണ് ജാഗ്രത പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് നിശാനിയമവും പ്രഖ്യാപിച്ചിട്ടുണ്ട്.
ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്‌ടര്‍മാര്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തണമെന്ന മകന്‍ ഒമറിന്‍റെ ആവശ്യത്തെ തുടര്‍ന്ന് പോസ്‌റ്റ്‌മോര്‍ട്ടം വൈകുകയായിരുന്നു. ഇന്ന് രാവിലെയാണ് പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. ബാന്ദാ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരില്‍ തനിക്ക് വിശ്വാസമില്ലെന്നായിരുന്നു ഒമറിന്‍റെ നിലപാട്.
മുക്താറിന്‍റെ മൃതദേഹം കടന്ന് പോകുന്ന ചിത്രകൂട്, കൗശംഭി, പ്രയാഗ് രാജിലെ കോഖ്രാജ് -ഹാണ്ടിയ ബൈപാസ് തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ വഴികളിലും പൊലീസ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്. ഡല്‍ഹി എയിംസിലെ ഡോക്‌ടര്‍മാര്‍ അടക്കമുള്ള സംഘമാണ് പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത്.