ബെംഗളൂരു: ഭൂമി കുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കി ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ട്. മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി കുഭകോണത്തിലാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണര്‍ അനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഭാര്യ ഉള്‍പ്പടെയുള്ളവര്‍ക്ക് ഭൂമി കൈമാറ്റത്തിലൂടെ നേട്ടമുണ്ടായതായാണ് ഉയര്‍ന്നുവന്ന ആരോപണം.
വിവരാവകാശ പ്രവർത്തകൻ ടി ജെ എബ്രഹാം, സ്നേഹമയി കൃഷ്‌ണ എന്നിവരുടെ പരാതിയിലാണ് കര്‍ണാടക മുഖ്യമന്ത്രിക്കെതിരായ ഗവര്‍ണറുടെ നടപടി. പരാതിക്കാരുമായി ഗവര്‍ണര്‍ ഇന്ന് (ഓഗസ്‌റ്റ് 17) വൈകുന്നേരം മൂന്ന് മണിയ്‌ക്ക് കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ അനുമതി തേടി ജൂലൈ 26നായിരുന്നു ടിജെ എബ്രഹാം ഗവർണർക്ക് നിവേദനം നൽകിയിരുന്നത്.
ഇതിൻ്റെ അടിസ്ഥാനത്തിൽ ഗവർണർ മുഖ്യമന്ത്രിക്ക് നേരത്തെ നോട്ടിസ് നൽകിയിരുന്നു. ഗവര്‍ണറുടെ ഒഫിസില്‍ നിന്നും ഇക്കാര്യത്തില്‍ വിവരം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഒഫിസ് സ്ഥിരീകരിച്ചു. തനിക്കെതിരായ ആരോപണങ്ങളെല്ലാം രാഷ്‌ട്രീയ പ്രേരിതമാണെന്ന് സിദ്ധരാമയ്യ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.