ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡല്‍ഹിയിലെ സാഗര്‍പൂര്‍ മേല്‍പ്പാലത്തിലായിരുന്നു സംഭവം. അതിസാഹസികമായി പുറത്തേക്ക് എടുത്തു ചാടി ഡ്രൈവര്‍ രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കാര്‍ വലിയ അഗ്നിഗോളമായി മാറിയതിന്‍റെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതേസമയം അപകട കാരണം വ്യക്തമായിട്ടില്ല. ഉത്തംനഗറിലേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. ഡ്രൈവര്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ.
മേല്‍പ്പാലത്തിലേക്ക് കയറിയപ്പോഴാണ് തീപിടിച്ചത്. ഇതോടെ കാറിലുണ്ടായിരുന്ന യുവാവ് പാതയോരത്തേക്ക് കാര്‍ നിര്‍ത്തി. എന്നാല്‍ പെട്ടെന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ തന്നെ യുവാവ് പുറത്തിറങ്ങി. അതിനാല്‍ ജീവന്‍ രക്ഷിക്കാനായി.
യുവാവ് ഉടന്‍ തന്നെ പൊലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചു. ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. എന്നാല്‍ അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.
ആദ്യം കാറില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങി. പിന്നീടാണ് കാര്‍ തീപിടിച്ചതെന്നും ഡ്രൈവര്‍ പറയുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അന്തരീക്ഷ താപനില കടുത്തതോടെ ഇത്തരം സംഭവങ്ങള്‍ സര്‍വസാധാരണമായിരിക്കുകയാണ്.
Also Read: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സംഭവം മുക്കത്ത്