ഹൈദരാബാദ് : തെലങ്കാനയിൽ ഇരട്ടക്കുട്ടികളെ കുളത്തിൽ എറിഞ്ഞ് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ ഇരട്ടക്കുട്ടികളിൽ ഒരാൾ മരിച്ചു. അമ്മയും മറ്റൊരു കുട്ടിയും രക്ഷപ്പെട്ടു. കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി ഭർത്താവുമായുള്ള വഴക്ക് പതിവായതിനെ തുടർന്നാണ് ആത്മഹത്യ ശ്രമം. അമീൻപൂരിലാണ് സംഭവം.
ചന്ദനഗറിൽ താമസിക്കുന്ന ദമ്പതികളായ ശ്വേതയും വിദ്യാധർ റെഡ്ഡിയും ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. തങ്ങളുടെ ഇരട്ടക്കുട്ടികളുടെ സംരക്ഷണത്തെച്ചൊല്ലി അവർക്കിടയിൽ വഴക്ക് പതിവായിരുന്നു. ബുധനാഴ്‌ച (ജൂൺ 12) രാവിലെയോടെ ഓഫിസ് ജോലിക്കായി വിദ്യാധർ റെഡ്ഡി വാറങ്കലിലേക്ക് പോയി.
ഈ സമയം ശ്വേതയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നു. വ്യാഴാഴ്‌ച (ജൂൺ 13) പുലർച്ചെ രണ്ട് മണിയോടെയാണ് ശ്വേത മൂന്ന് വയസുള്ള മക്കളായ ശ്രീഹയേയും ശ്രീഹാൻസിനെയും കുളത്തിലെറിഞ്ഞ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ചന്ദനഗറിൽ നിന്ന് അമീൻപൂർ സായിബാബ ക്ഷേത്രത്തിന് സമീപത്തെ തടാകക്കരയിലെത്തിയാണ് ആത്‌മഹത്യ ശ്രമം.
ആദ്യം മകനായ ശ്രീഹാന്‍സിനെയാണ് യുവതി തടാകത്തിലേക്ക് എറിഞ്ഞത് പിന്നീട് മകൾ ശ്രീഹയേയും എറിഞ്ഞ് ശ്വേതയും തടാകത്തിലേക്ക് ചാടുകയായിരുന്നു. ഈ സമയം പട്രോളിങ് നടത്തുകയായിരുന്ന ഹെഡ് കോൺസ്‌റ്റബിൾ ജാനകിറാം, കോൺസ്‌റ്റബിൾ പ്രഭാകർ എന്നിവർ ശ്വേതയേയും മകൾ ശ്രീഹയേയും കാണുകയും അവരെ രക്ഷപ്പെടുത്തുകയുമായിരുന്നു. ചില പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം തൻ്റെ മകനും തടാകത്തിലുണ്ടെന്ന് ശ്വേത ഉദ്യോഗസ്ഥരോട് പറഞ്ഞു. രാവിലെയാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ശ്രദ്ധിക്കൂ.. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821
ALSO READ : ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു