ചുരു: തന്‍റെ നേതൃത്വത്തിലുണ്ടായ പുതിയ ഇന്ത്യയുടെ മുന്നേറ്റത്തില്‍ ശത്രുക്കള്‍ ഭയചകിതരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് മോദിയാണെന്നും ഇത് പുതിയ ഇന്ത്യയാണെന്നും ശത്രുക്കള്‍ക്ക് ഇപ്പോള്‍ അറിയാം. ശത്രുക്കളെ അവരുടെ പാളയത്തില്‍ കയറി ആക്രമിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്നും അവര്‍ക്കറിയാമെന്ന് രാജസ്ഥാനിലെ ചുരുവില്‍ നടന്ന റാലിയില്‍ മോദി ചൂണ്ടിക്കാട്ടി.
അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് മൗനം പാലിക്കാന്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മോദി വ്യക്‌തമാക്കി. പത്ത് വര്‍ഷത്തിനിടെ തന്‍റെ സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങളും മോദി എടുത്ത് കാട്ടി. ഇത് കേവലം ഒരു ട്രെയ്‌ലര്‍ മാത്രമാണെന്നും ഇതിനെക്കാള്‍ വലുത് വരാനിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ഇനിയും ധാരാളം സ്വപ്‌നങ്ങള്‍ ഉണ്ട്. നമ്മുടെ രാജ്യത്തെ ഇനിയുമേറെ മുന്നോട്ട് കൊണ്ടുപോകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെയും മോദി കടന്നാക്രമിച്ചു. കോണ്‍ഗ്രസ് സൈന്യത്തെ അപമാനിക്കുന്നുവെന്നും രാജ്യത്തെ ഭിന്നിപ്പിക്കുന്നുവെന്നും മോദി ആരോപിച്ചു.
മുത്തലാഖ് നിരോധന നിയമം മൂലം മുസ്‌ലിം സഹോദരിമാര്‍ മാത്രമല്ല എല്ലാ മുസ്‌ലിം കുടുംബങ്ങളും രക്ഷപ്പെട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനും പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്കും അവരുടേതായ നിക്ഷിപ്‌ത താത്‌പര്യങ്ങളുണ്ട്. പാവങ്ങളുടെയും ദളിതുകളുടെയും സമൂഹത്തിന്‍റെ താഴെക്കിടയിലുള്ളവരുടെയും ക്ഷേമത്തിനോ അവരെ ആദരിക്കാനോ വേണ്ടി ഒന്നും ചെയ്യില്ലെന്നും മോദി പറഞ്ഞു.