റാഞ്ചി (ജാർഖണ്ഡ്) : മേളയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തു. പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വ്യാഴാഴ്‌ച (ഏപ്രില്‍ 18) രാത്രി ജില്ലയിലെ മന്ദർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാളുടെ അമ്മ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. മകൾ വ്യാഴാഴ്‌ച ബന്ധുവിനോടൊപ്പം ചാൻഹോയിലെ ഒരു മേള സന്ദർശിക്കാൻ പോയിരുന്നു. യാത്രാമധ്യേ അവരുടെ രണ്ട് പുരുഷസുഹൃത്തുക്കളും കൂടെയുണ്ടായിരുന്നുവെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു.
വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ട് പെൺകുട്ടികളെയും ഖലാരി - ബിജുപദ റോഡിനോട് ചേർന്നുള്ള വനത്തിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തതായി അവർ പറഞ്ഞു. തുടർന്ന് പ്രതികൾ അവരുടെ സുഹൃത്തുക്കളിൽ ഒരാളെ സംഭവസ്ഥലത്തേക്ക് വിളിച്ചുലരുത്തുകയും തുടർന്ന് അയാളും പെൺകുട്ടികളെ പീഡിപ്പിച്ചു എന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ രാത്രി ഏറെ വൈകിയിട്ടും പെൺകുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ ആരംഭിച്ചിരുന്നു. സമീപ പ്രദേശങ്ങളിൽ ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ പെണ്‍കുട്ടികളില്‍ ഒരാൾ ആ വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. വീട്ടിലേക്ക് ഓടുന്നതിനിടയിൽ, അവൾ അവളുടെ കുടുംബാംഗങ്ങളെ കാണുകയും നടന്ന സംഭവങ്ങൾ അവരോട് പറയുകയും ചെയ്‌തു. പിറ്റേന്ന് രാവിലെ വീട്ടുകാർ മന്ദർ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മന്ദർ പൊലീസ് അന്വേഷണം ആരംഭിക്കുകയും ഖലാരി - ബിജുപദ റോഡിന് സമീപമുള്ള വനത്തിൽ നിന്ന് രണ്ടാമത്തെ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്‌തു.
പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്‌ത കേസിൽ മൂന്ന് പ്രതികളെയും അറസ്‌റ്റ് ചെയ്‌തതായി മന്ദർ സർക്കിൾ ഇൻസ്പെക്‌ടർ ജയ് പ്രകാശ് റാണ പറഞ്ഞു. മൂവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും ഒരാളെ ജയിലിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുമതത്തിലേക്ക് മാറാൻ വിസമ്മതിച്ചു, മുസ്ലിം യുവതിക്ക് നേരെ ബലാത്സംഗശ്രമമെന്ന് പരാതി : ഉത്തർപ്രദേശിൽ യുവതിക്ക് നേരെ ബലാത്സംഗ ശ്രമം നടന്നതായി പരാതി. ആഗ്രയിലെ ഖന്ദൗലിയിലാണ് സംഭവം. പ്രതികൾ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചതിന്‍റെ വിരോധത്തിലാണ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്നാണ് യുവതിയുടെ ആരോപണം. തന്‍റെ കൃഷിയിടം പ്രതികൾ ചേർന്ന് തട്ടിയെടുത്തതായും വീടിന് നേരെ ആക്രമണമുണ്ടായതായും യുവതി ആരോപിച്ചു.
ഏപ്രിൽ 7 നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. സംഭവത്തിൽ പ്രതികളായ 25 പേർക്കെതിരെ കേസെടുത്തതായി ഖന്ദൗലി പൊലീസ് സ്റ്റേഷൻ ഇൻചാർജ് രാജീവ് സോളങ്കി പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ : 20-കാരിക്ക് പീഡനം; ഷിംലയില്‍ പൂജാരിക്കെതിരെ കേസ്