റായ്‌പൂർ : മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ. ബജറ്റ് തൊഴിലവസരങ്ങൾ വർധിപ്പിക്കാനും മധ്യവർഗത്തെ പിന്തുണയ്ക്കാനും രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച നിരക്ക് വർധിപ്പിക്കാനും ലക്ഷ്യമിടുന്നതാണെന്ന് മാണ്ഡവ്യ പറഞ്ഞു.
അതേസമയം 2024ലെ ബജറ്റിൽ സംസ്ഥാനത്തെ അവഗണിച്ചുവെന്നാരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ശനിയാഴ്‌ച തമിഴ്‌നാട്ടിലുടനീളം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ദേശീയ തലസ്ഥാനത്തെ രാഷ്‌ട്രപതിഭവൻ കൾച്ചറൽ സെന്‍ററിൽ നടക്കുന്ന ഒമ്പതാമത് നീതി ആയോഗിന്‍റെ ഗവേണിങ് കൗൺസിൽ യോഗത്തിന് മുന്നോടിയായാണ് പ്രതിഷേധം.
നേരത്തെ കേന്ദ്ര ബജറ്റിനെച്ചൊല്ലി ബിജെപി സർക്കാരിനെ കടന്നാക്രമിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബിജെപിയെ ബഹിഷ്‌കരിച്ച സംസ്ഥാനങ്ങളോടും ജനങ്ങളോടുമുള്ള പ്രതികാര നടപടിയായിട്ടാണ് ബജറ്റ് തോന്നുന്നതെന്നും പറഞ്ഞു. കേന്ദ്ര സർക്കാർ തമിഴ്‌നാടിനെ അവഗണിച്ചുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2024-25ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ ബീഹാറിനും ആന്ധ്രാപ്രദേശിനും പ്രധാന പ്രഖ്യാപനങ്ങൾ നടത്തി. നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കുന്നതായി ആദ്യം പ്രഖ്യാപിച്ചത് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനായിരുന്നു.
ഇതിന് പിന്നാലെ ഹിമാചൽ പ്രദേശിലെ സുഖ്‌വീന്ദർ സിങ് സുഖു, കർണാടകയിലെ സിദ്ധരാമയ്യ, തെലങ്കാനയിലെ രേവന്ത് റെഡ്ഡി എന്നിവരുൾപ്പെടെ തങ്ങളുടെ മുഖ്യമന്ത്രിമാരും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതിൽ കേന്ദ്ര ശ്രദ്ധ കേന്ദ്രീകരിച്ച് 'വിക്‌സിത് ഭാരത്@2047' എന്നതാണ് നിതി ആയോഗിന്‍റെ ഈ വർഷത്തെ പ്രമേയം.
ഗവേണിങ് കൗൺസിൽ യോഗം 2047ലെ വിക്‌സിത് ഭാരത് വിഷൻ ഡോക്യുമെന്‍റിന്‍റെ സമീപനരേഖ ചർച്ച ചെയ്യും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പങ്കാളിത്ത ഭരണവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ ഇടപെടലുകളുടെ ഡെലിവറി സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ ഗ്രാമ-നഗര ജനസംഖ്യയുടെ ജീവിത നിലവാരം ഉയർത്താനും യോഗം ലക്ഷ്യമിടുന്നു.