നൈനിറ്റാൾ (ഉത്തരാഖണ്ഡ്) : ഫെബ്രുവരി 8 ന് ഹല്‍ദ്വാനിയിൽ നടന്ന അക്രമത്തിനെതിരെ എതിർപ്പുമായി കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രംഗത്തെത്തി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി ഞായറാഴ്‌ച (11-02-2024) പറഞ്ഞു (Strict Action To Be Taken in Haldwani Violence). ഞായറാഴ്‌ച മാധ്യമങ്ങളോട് സംസാരിക്കവെ, വിഷയം രാഷ്‌ട്രീയവത്‌കരിക്കരുതെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
'ഒരു കുറ്റവാളി, കുറ്റവാളി തന്നെയാണ്, അവിടെ മതത്തിനൊന്നും യാതൊരു പ്രസക്‌തിയുമില്ല. സംഭവിച്ചത് വലിയ തെറ്റ് തന്നെയാണ്. കുറ്റവാളികൾ രക്ഷപ്പെടില്ല. മാതൃകാപരമായി ശിക്ഷിക്കപ്പെടും' -മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൈനിറ്റാളിലെ ഹൽദ്വാനി നഗരത്തിൽ വ്യാഴാഴ്‌ചയുണ്ടായ (08-02-2024) അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പേർ ഉൾപ്പെടെ 30 പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സംഘർഷത്തിലും അക്രമത്തിലും അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പൊലീസ് ഞായറാഴ്‌ച പറഞ്ഞു.
പിടിയിലായവരിൽ നിന്ന് നിരവധി നാടൻ ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ജില്ലയിൽ നാല് കമ്പനി അർധസൈനിക വിഭാഗത്തെ അധികമായി വിന്യസിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രജിസ്‌റ്റർ ചെയ്‌ത മൂന്ന് എഫ്ഐആറുകളുമായി ബന്ധപ്പെട്ട്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25 പേരെ ഞങ്ങൾ അറസ്‌റ്റു ചെയ്‌തുവെന്ന് നൈനിറ്റാൾ സീനിയർ പൊലീസ് സൂപ്രണ്ട് പ്രഹ്ലാദ് നാരായൺ മീണ പറഞ്ഞു. പൊലീസ് സ്‌റ്റേഷൻ ആക്രമണത്തില്‍ 12 പേരാണ് ഉൾപ്പെടുന്നത്. പൊലീസ് സ്‌റ്റേഷന് പുറത്ത് വാഹനങ്ങൾ കത്തിച്ചതിന് ആറും, കയ്യേറ്റ വിരുദ്ധ ഡ്രൈവിനിടെ അക്രമണം നടത്തിയെന്ന നഗർ നിഗത്തിന്‍റെ പരാതിയിൽ രജിസ്‌റ്റർ ചെയ്‌ത എഫ്ഐആറുമായി ബന്ധപ്പെട്ട് ഏഴ് പേരെയും അറസ്‌റ്റ് ചെയ്‌തതായി അദ്ദേഹം പറഞ്ഞു. ഞായറാഴ്‌ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.
ഹൽദ്വാനി അക്രമവുമായി ബന്ധപ്പെട്ട എല്ലാ അറസ്‌റ്റുകളും നൈനിറ്റാൾ ജില്ലയുടെ അതിർത്തിക്കുള്ളിലാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവം നടന്ന ബൻഭൂൽപുര മേഖലയിൽ കർഫ്യൂ നിലനിന്നിരുന്നു, കൂടാതെ നിരവധി പ്രദേശവാസികൾ പാക്ക് ചെയ്‌ത് പോകുന്നതും കണ്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബൻഭൂൽപുരയിൽ കൈയേറ്റ വിരുദ്ധ ഡ്രൈവ് നടത്തിയതിന് പിന്നാലെ വ്യാഴാഴ്‌ചയാണ് (08-02-2024) അക്രമം പൊട്ടിപ്പുറപ്പെട്ടത്. കല്ലേറ് സംഭവങ്ങൾക്കും വാഹനങ്ങൾ കത്തിച്ചതിനും ലോക്കൽ പൊലീസ് സ്‌റ്റേഷന് വളഞ്ഞതിനും പിന്നാലെ ഭരണകൂടം വെടിയുതിർക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന് സഹായിക്കാൻ ബൻഭൂൽപുരയില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ചതായി ഉത്തരാഖണ്ഡ് ഡിജിപി അഭിനവ് കുമാർ പറഞ്ഞു. ഇതിന് മതിയായ ഓഡിയോ - വിഷ്വൽ തെളിവുകൾ തങ്ങളുടെ പക്കലുണ്ട്. ഇപ്പോൾ നടക്കുന്ന മജിസ്‌ട്രേറ്റ് അന്വേഷണത്തിലും ക്രിമിനൽ അന്വേഷണത്തിലും ഇത് ഹാജരാക്കും എന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. നിയമങ്ങൾക്കനുസൃതമായി യാതൊരു പക്ഷപാതവുമില്ലാതെ പ്രവർത്തിക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.