മുംബൈ: അയോധ്യപ്രതിഷ്‌ഠ ദിനമായ തിങ്കളാഴ്ച ഇറച്ചി വ്യാപാര കടകള്‍ അടച്ചിടണമെന്ന ആവശ്യവുമായി താനെ ജില്ലയിലെ ഭിവന്‍ഡി നിസാംപൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ രംഗത്ത്. മുനിസിപ്പല്‍ കമ്മീഷണര്‍ അജയ് വൈദ്യ ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ കച്ചവടക്കാരും സഹകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
അയോധ്യയിലെ പ്രതിഷ്‌ഠാ വേളയില്‍ നഗരത്തിലുടനീളം വിവിധ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. അത് കൊണ്ടാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൊലീസും പ്രാദേശിക ഭരണകൂടവും സമാധാന സമിതിയും മറ്റും ചേര്‍ന്ന സംയുക്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ആയത്. മീന്‍ കച്ചവടം അടക്കം പാടില്ലെന്നാണ് നിര്‍ദ്ദേശം.
നേരത്തെ താനെയിലെ പദ്ഘ ഗ്രാമത്തിലും ഇതേ നിര്‍ദ്ദേശം നല്‍കിയിരുന്നു. വര്‍ഗീയമായി ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണിത്. ഇവിടെ മാംസക്കടകള്‍ക്ക് പുറമെ മദ്യക്കടകളും അടച്ചിടണമെന്ന് നിര്‍ദ്ദേശമുണ്ട്.
ഭിവണ്ടിയിലെ ഈ ഗ്രാമം ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദസംഘത്തിന്‍റെ സാന്നിധ്യമുണ്ടെന്ന പേരില്‍ അടുത്തിടെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി തെരച്ചില്‍ നടത്തിയിരുന്നു. മാംസ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിന് പുറമെ എല്ലാവരും വീടുകള്‍ അലങ്കരിക്കണമെന്നും ദീപം തെളിക്കണമെന്നും സര്‍പാഞ്ചിന്‍റെ പേരില്‍ പുറത്ത് വന്ന കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാമക്ഷേത്ര പ്രതിഷ്‌ഠ യുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തിങ്കളാഴ്ച പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആഘോഷങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക തിങ്കളാഴ്ച ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.