പശ്ചിമ ത്രിപുര : ബിജെപി എംഎൽഎ ജദാബ് ലാൽ നാഥിന് കാരണം കാണിക്കൽ നോട്ടിസ് നൽകി ഉത്തര ത്രിപുര ജില്ലയിലെ അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫിസർ. തെരഞ്ഞെടുപ്പ് ദിവസം മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് നോട്ടിസ്. മറ്റൊരു സംഭവത്തിൽ ബിജെപി നേതാവ് കാജൽ ദാസിനെതിരെ പൊലീസ് കേസെടുത്തു.
നോർത്ത് ത്രിപുര ജില്ലയിലെ ബാഗ്ബാസ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ജദാബ് ലാൽ നാഥ്. ഏപ്രിൽ 26 ന് നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള വോട്ടെടുപ്പിനിടെ ഉണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് നോട്ടിസ് പുറപ്പെടുവിച്ചത്. തിപ്ര മോത സ്ഥാപകൻ പ്രദ്യോത് കിഷോർ ദേബ്ബർമാൻ്റെ മൂത്ത സഹോദരി കൃതി ദേവി സിങ് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന കിഴക്കൻ ത്രിപുര പാർലമെൻ്റ് സീറ്റിന് കീഴിലാണ് ജദാബ് ലാൽ നാഥിന്‍റെ നിയമസഭ മണ്ഡലം.
തെരഞ്ഞെടുപ്പിനിടെ വോട്ടർമാരുടെ ഹെൽപ്പ് ഡെസ്‌കിൻ്റെ മേൽനോട്ട ചുമതല ഏൽപ്പിച്ച ബൂത്ത് ലെവൽ വർക്കറോട് ബിജെപി എംഎൽഎ പോളിങ് സ്‌റ്റേഷനിൽ കയറി മോശമായി പെരുമാറിയെന്നാണ് റിപ്പോർട്ട്. ബാഗ്ബാസയിലെ പോളിങ് ബൂത്ത് നമ്പർ 22ലാണ് സംഭവം നടന്നതെന്ന് സിഇഒയുടെ ഓഫിസിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു.
ഇതിനിടെ, വോട്ടെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ പൊതുമധ്യത്തിൽ മർദിച്ചതിൽ ബിജെപി നേതാവ് കാജൽ ദാസിനെതിരെ പൊലീസ് കേസെടുത്തു. എആർഒ നോർത്ത് ത്രിപുര ജില്ലയിലെ കടംതല പൊലീസ് സ്റ്റേഷനിലാണ് ബിജെപി നേതാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. 22-ാം നമ്പർ ബൂത്തിലെ പ്രിസൈഡിങ് ഓഫിസര്‍ക്കാണ് മർദനമേറ്റത്.
പോളിങ് സ്റ്റേഷനിലെ അനാവശ്യ തിരക്ക് നീക്കാൻ ശ്രമിച്ച ഇദ്ദേഹത്തെ കാജൽ ദാസും കൂട്ടാളികളും ശാരീരികമായി മർദിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ നോർത്ത് ത്രിപുര പൊലീസ് സൂപ്രണ്ടിൻ്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ദ്രുതഗതിയിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.
അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിൻ്റെ പേരിൽ കൃഷി അസിസ്റ്റൻ്റ് സുശങ്കർ ദേബ്‌നാഥിനെ താത്കാലികമായി സസ്‌പെൻഡ് ചെയ്‌തു. ചില ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ രാഷ്‌ട്രീയ പാർട്ടിക്ക് അനുകൂലമായി ഇയാൾ പോസ്റ്റ് ചെയ്‌തതിനെ തുടന്നാണ് നടപടി.
ALSO READ: രാജ്യത്ത് രണ്ടാംഘട്ട പോളിങ് സമാപിച്ചു: പൊതുവെ സമാധാനപരം; 64 ശതമാനം പോളിങ്ങ്