ഹൈദരാബാദ് : സ്‌ത്രീവേഷം ധരിച്ച് കവര്‍ച്ച നടത്തുന്ന മോഷ്‌ടാക്കള്‍ പിടിയില്‍. ഭോജഗുട്ട സ്വദേശി ഗുഞ്ചപൊഗു സുധാകറും (33) കൂട്ടാളികളുമാണ് അറസ്റ്റിലായത്. സുധാകറിനെയും കൂട്ടാളികളായ ബന്ദാരി സാംസൺ, ഷാൻദേവ് സലുങ്കെ, അമർജീത് സിങ്, ഗുഞ്ചപൊഗു സുരേഷ് എന്നിവരെയുമാണ് രാജേന്ദ്രനഗർ പൊലീസ് പിടികൂടിയത്. സംഘത്തിൽ നിന്ന് 75 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. സുധാകർ 60 ലധികം മേഷണങ്ങളാണ് നടത്തിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മോഷണം നടത്തി വർഷങ്ങളായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. പിന്നീട് സെപ്‌റ്റംബർ നാലിന് ഇയാൾ കൃഷ്‌ണനഗറിലെ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 60 പവൻ സ്വർണം മോഷ്‌ടിച്ചു. അതേ സമയം ഇതേ പ്രദേശത്തെ മറ്റൊരു വീട്ടിലും മോഷണം നടന്നിരുന്നു.
കേസിൽ വിശദമായ അന്വേഷണം നടത്തിയ രാജേന്ദ്ര നഗർ പൊലീസിനും, സിസിഎസ് സംഘത്തിനും സുധാകറിനെ കണ്ടെത്താനും കൂട്ടാളികളെയുൾപ്പെടെ പിടികൂടാനും കഴിഞ്ഞു. സായി, സൽമാൻ, കാക്ക, ഡെയ്‌ഞ്ചർ, ആൻ്റണി എന്നീ പേരുകളിൽ അറിയപ്പെടുന്ന സുധാകർ വലിയ മോഷണ പദ്ധതികളാണ് ആസൂത്രണം ചെയ്‌തത്.
പൂട്ടിക്കിടക്കുന്ന വീടുകൾ മോഷ്‌ടിച്ച ബൈക്കുകളിലെത്തി നിരീക്ഷിക്കും. നിരീക്ഷണ ശേഷം പലപ്പോഴും ബൈക്ക് ഉപേക്ഷിച്ച് പോകുകയാണ് പതിവ്. ആളുകൾ ശ്രദ്ധിക്കാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനും സ്‌ത്രീ വേഷം ധരിച്ചാണ് ഇയാൾ എപ്പോഴും എത്തുക. സിസിടിവി കാമറകളില്‍ മുഖം പതിയാതിരിക്കാനും സുധാകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഇയാളെ നേരത്തെ ആസിഫ്‌നഗർ പൊലീസ് അറസ്റ്റ് ചെയ്യുകയും പിഡി ആക്‌ട് പ്രകാരം കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. ജയിലിൽ വച്ചാണ് സുധാകര്‍ ബന്ദാരി സാംസൺ, ഷാൻദേവ് സലുങ്കെ, അമർജീത് സിങ് എന്നിവരെ കണ്ടുമുട്ടിയത്. ഇവരുമായി ചേർന്ന് ഒരു സംഘം രൂപീകരിച്ച ശേഷം മോഷണം നടത്തുകയും മോഷണ മുതല്‍ സഹോദരൻ ഗുഞ്ചപൊഗു സുരേഷിന് കൈമാറുകയും ചെയ്‌തിരുന്നു.
സുധാകറോ, കൂട്ടാളികളോ അറസ്റ്റിലായാൽ ജാമ്യത്തുകയും മറ്റും തയ്യാറാക്കി വച്ചിരുന്നത് സഹേദരൻ സുരേഷ് ആയിരുന്നു. ഓരോ തവണയും സുധാകർ പിടിക്കപ്പെടുമ്പോൾ, അഭിഭാഷകനെ ഏര്‍പ്പാടാക്കി സഹോദരന്‍ ഇയാളെ ജാമ്യത്തില്‍ ഇറക്കിയിരുന്നു. സുധാകറും കൂട്ടാളികളും പിടിയിലായതോടെ നേരത്തെ നടത്തിയ കുറ്റകൃത്യങ്ങളില്‍ അടക്കം നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം.