കണ്ണൂര്‍: ലക്ഷദ്വീപില്‍ പണ്ടാര ഭൂമി ഒഴിപ്പിക്കല്‍ നീക്കവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പുതിയ തലം കൈവരുന്നു. സര്‍വേ നടപടികള്‍ക്കെതിരെ ദ്വീപ് ജനത പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഭരണകൂടം പ്രതികാര നടപടികള്‍ ശക്തമാക്കിയെന്ന് ആരോപിക്കുകയാണ് നാട്ടുകാര്‍.
ലക്ഷദ്വീപിലെ താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള ഭരണകൂടത്തിന്‍റെ തീരുമാനം പ്രതികാര നടപടിയുടെ ഭാഗമാണെന്നാണ് സമര മുഖത്തുള്ള ജനങ്ങള്‍ പറയുന്നത്.പരിസ്ഥിതി വകുപ്പില്‍ നിന്നും 200 മറൈന്‍ വാച്ചര്‍മാരെ പിരിച്ചു വിട്ടതാണ് ഏറ്റവും ഒടുവിലത്തെ നടപടി.സ്ഥിരം ജീവനക്കാര്‍ക്കു പുറമേയുള്ള താത്ക്കാലിക ജീവനക്കാരെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. മൂവായിരത്തോളം താത്ക്കാലിക ജീവനക്കാരെ സര്‍ക്കാറിന്‍റെ വിവിധ വകുപ്പുകളില്‍ നിന്നും പിരിച്ചു വിടപ്പെട്ടു കഴിഞ്ഞു. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഈ യുവതീ യുവാക്കള്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി നോക്കുകയായിരുന്നു.
ലക്ഷദ്വീപിലെ 68000 ജനങ്ങളില്‍ 9600 ലേറെ സര്‍ക്കാര്‍ ജീവനക്കാരുണ്ടെന്നാണ് കണക്ക്. ഇവരില്‍ 5500 ലേറെപ്പേര്‍ സ്ഥിരം ജീവനക്കാരാണ്. ബാക്കിയുള്ളവര്‍ വിവിധ വകുപ്പുകളില്‍ ജോലി നോക്കി വന്ന താല്‍ക്കാലിക ജീവനക്കാരായിരുന്നു. 2021 ലും സമാന രീതിയില്‍ ലക്ഷദ്വീപ് ഭരണ കൂടം നിരവധി പേരെ പിരിച്ചു വിട്ടിരുന്നു. നിരവധി കുടുംബങ്ങളാണ് ഇതുകാരണം ദാരിദ്രത്തിലേക്ക് നീങ്ങുന്നതെന്ന് പിരിച്ചു വിടപ്പെട്ട ജീവനക്കാരിലൊരാളായ ഇമാമുദ്ദീന്‍ പറയുന്നു. " മാസം 15,000 വും 20,000 വും ശമ്പളം പറ്റിയ ജീവനക്കാര്‍ക്ക് വെള്ളിടി പോലെയാണ് ദ്വീപു ഭരണ കൂടത്തിന്‍റെ തൊഴില്‍ നിഷേധം. കാരണമൊന്നും കാണിക്കാതെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയും ജീവനക്കാരെ പിരിച്ചു വിട്ടും ഭരണകൂടം ബുദ്ധിമുട്ടിക്കുകയാണ്. "
ദ്വീപിലെ 90 % സ്ഥലങ്ങളിലും തെങ്ങു കൃഷിയാണ് മുഖ്യം. അതുമായി ബന്ധപ്പെട്ട് കല്‍പ്പേനി ദ്വീപിലെ നാളികേര പൗഢറും വെളിച്ചെണ്ണയും നിര്‍മ്മിക്കുന്ന ലക്ഷദ്വീപ് ഡവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനം അടച്ചു പൂട്ടിയിട്ട് മൂന്ന് വര്‍ഷമായി.ഇപ്പോള്‍ വനിതാ ശിശുവകുപ്പ് ഓഫീസുകളിലും വിദ്യാഭ്യാസം, പരിസ്ഥിതി, ടൂറിസം, സ്‌പോര്‍ട്സ് വകുപ്പുകളിലെ ഓഫീസുകളിലേയും താത്ക്കാലിക ജീവക്കാരെ പിരിച്ചു വിട്ടു കൊണ്ടിരിക്കയാണ്. ജീവനക്കാരുടെ അപര്യാപ്‌തത കാരണം ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട സേവനം ലഭ്യമാവുന്നില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഭരണ സ്‌തംഭനത്തിലേക്ക് നീങ്ങുകയാണെന്നാണ് പൊതു പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
ലക്ഷദ്വീപിന്‍റെ ചരിത്രത്തില്‍ ഇന്നോളം ഇത്രയും പ്രതിസന്ധി ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം കെ. കോയ പറയുന്നു. "ദ്വീപിലെ പണ്ടാരഭൂമി പ്രശ്‌നവും അതേതുടര്‍ന്നുളള സര്‍വ്വേ നടപടികളും ജനങ്ങള്‍ നേരിട്ടതോടെ ഭരണ കൂടത്തിന്‍റെ ഭാഗത്തു നിന്നും കടുത്ത നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വന്‍കിട ടൂറിസം പദ്ധതിക്കു വേണ്ടി അധികൃതര്‍ ആരംഭിച്ച സര്‍വ്വേ കോടതി മുഖേന തടഞ്ഞതോടെയാണ് ദ്വീപ് ഭരണകൂടം പ്രതികാര നടപടികള്‍ രൂക്ഷമാക്കുന്നത്. ജനകീയ പ്രതിഷേധം മറികടക്കാന്‍ വേണ്ടി തൊഴില്‍ രാഹിത്യം അടിച്ചേല്‍പ്പിക്കുകയാണ്."
കടുത്ത ദാരിദ്രത്തിലേക്ക് നീങ്ങുന്ന ഒട്ടേറെ പേര്‍ ലക്ഷദ്വീപില്‍ നിന്നും തൊഴില്‍ തേടി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ട്. സെക്യൂരിറ്റി, ഹോട്ടല്‍ എന്നീ ജോലികള്‍ തേടിയാണ് ഇവര്‍ നാടു വിടുന്നത്. ഇവരിലേറെയും യുവാക്കളാണ്. മുമ്പൊരിക്കലും ജോലി തേടി ഇത്രയും വലിയ തോതില്‍ ലക്ഷദ്വീപില്‍ നിന്ന് കുടിയേറ്റമുണ്ടായിട്ടില്ലെന്നാണ് ദ്വീപിലെ പ്രായമായവര്‍ സാക്ഷ്യപ്പെടുത്തുന്നത്.
1957 മുതല്‍ ലോകസഭയില്‍ ലക്ഷദ്വീപിന് പ്രാതിനിധ്യമുണ്ട്. അന്ന് ദ്വീപുകാരില്‍ നിന്നും ഒരാളെ രാഷ്ട്രപതി നോമിനേറ്റ് ചെയ്യുകയായിരുന്നു. 1967 മുതലാണ് ലക്ഷദ്വീപിന് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് അംഗം ഉണ്ടായത്. ഡോ ഹംദുള്‌ള സെയ്‌ദാണ് ഇപ്പോഴത്തെ എം പി.
32 ചതുരശ്ര കീലോമീറ്റര്‍ മാത്രം വിസ്‌തീര്‍ണ്ണമുളള ദ്വീപു സമൂഹത്തില്‍ കവരത്തി, കല്‍പ്പേനി, അഗത്തി, ആന്ത്രോത്ത്, മിനിക്കോയ് എന്നയടക്കം 10 ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്.ആകെ 68000 ത്തോളം മാത്രം ജനസംഖ്യയുള്ള ലക്ഷദ്വീപിലെ ജനങ്ങള്‍ പൊതുവേ സമാധാന പ്രിയരാണ്. പണ്ടാര ഭൂമി അവകാശത്തര്‍ക്കവും സര്‍വേ നടപടികളും പോലീസ് ബലപ്രയോഗവും കഴിഞ്ഞ ഏതാനും ആഴ്ചകളായി ദ്വീപിലെ സാമൂഹ്യ അന്തരീക്ഷം അശാന്തമാക്കിയിരുന്നു.