വയനാട് : തേയില തോട്ടങ്ങള്‍ക്ക് നടുവില്‍, പുന്നപ്പുഴയുടെ തീരത്ത് തലയെടുപ്പോടെ ഉയര്‍ന്നങ്ങനെ നിന്നിരുന്ന വിദ്യാലയം. ഒരുനാടിനെയാകെ അക്ഷരങ്ങളുടെ ലോകത്തേക്ക് നയിച്ച ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ദുരിതകാലത്ത് ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം, മൂന്ന് ദിവസം നിര്‍ത്താതെ പെയ്‌ത മഴ, ജൂലൈ 30ന് വെള്ളാര്‍മലയില്‍ ദുരന്തം വിതച്ചപ്പോള്‍ തകര്‍ന്നടിഞ്ഞവയുടെ കൂട്ടത്തില്‍ ഈ അക്ഷരകൂടാരവും ഉണ്ടായിരുന്നു. ഇന്നിവിടെ വെള്ളാര്‍മലക്കാരുടെ സ്‌കൂളില്ല, പൂമ്പാറ്റകളെ പോലെ മൈതാനത്ത് പാറിനടന്ന കുട്ടികളില്ല, മഴ താണ്ഡവമാടിയ മണ്ണില്‍ ശേഷിപ്പുകള്‍ പോലെ ചെളിക്കൂമ്പാരം, അതിലേറെ പാറക്കൂട്ടങ്ങളും.
വെള്ളാര്‍മല സ്‌കൂളിന്‍റെയും ഒപ്പം നാടിന്‍റെയും നിലവിലെ അവസ്ഥ കണ്ട് വിങ്ങുകയാണ് വില്‍സണ്‍ മാഷിന്‍റെ ഹൃദയം. 25 വര്‍ഷം താന്‍ പഠിപ്പിച്ച സ്‌കൂള്‍. ഉരുള്‍ കവര്‍ന്നതാകട്ടെ തന്‍റെ അരുമ ശിഷ്യരെയും അവരുടെ കുടുംബത്തെയും. ദുരന്തത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരില്‍ ഏറെയും തന്‍റെ പൂര്‍വ വിദ്യാര്‍ഥികളെന്ന് പറയുമ്പോള്‍ നീറുന്നുണ്ട് ഈ അധ്യാപക മനസ്.
വെള്ളാര്‍മലയിലെ സ്‌കൂളിനെ ഹൈസ്‌കൂളാക്കാന്‍ മുന്‍കൈ എടുത്ത വില്‍സണ്‍ മാഷ് നാട്ടുകാര്‍ക്കും പ്രിയങ്കരന്‍. തന്‍റെ വിദ്യാര്‍ഥികള്‍ക്ക് അത്യാഹിതം സംഭവിച്ചതറിഞ്ഞ് ദുരന്ത ഭൂമിയിലേക്കെത്തിയതാണ് ഈ മനുഷ്യന്‍. നാടിന്‍റെയും നാട്ടുകാരുടെയും ഉള്ളുതൊട്ടറിഞ്ഞ മാഷും പറയുകയാണ്, മണ്ണെടുത്തത് തന്‍റെയും പ്രിയപ്പെട്ടവരെ.
1979 മുതലാണ് 400 രൂപ ശമ്പളത്തിൽ അധ്യാപകനായി എത്തിയത്. അന്ന് യു പി സ്‌കൂൾ ആയിരുന്നു. നായനാർ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്താണ് ഹൈ സ്‌കൂൾ എന്ന ആവശ്യം ഉയർന്നത്. അല്ലെങ്കിൽ കുട്ടികൾ 13 കിലോമീറ്റർ താണ്ടി മേപ്പാടി എത്തണം.
അങ്ങനെ ഹൈ സ്‌കൂൾ അനുവദിച്ചു. പിന്നീട് പുഴയുടെ അരികിൽ കുറ്റിക്കാട് ഉള്ള സ്ഥലത്ത് ഗ്രൗണ്ടും ഉണ്ടായി. തന്‍റെ സ്‌കൂളിന്‍റെ ഇപ്പോഴത്തെ അവസ്ഥയെയും മരണപെട്ട പൂർവ വിദ്യാർഥികളെ കുറിച്ച് വിങ്ങുകയാണ് ഈ അധ്യാപകൻ. കാരണം ദുരന്ത ഭൂമിയെ അത്രത്തോളം അടുത്തറിഞ്ഞ അധ്യാപകൻ ആയിരുന്നു വിൽസൺ.