ഹർദ : മധ്യപ്രദേശിലെ ഹർദയിൽ പടക്ക ഫാക്‌ടറിക്കുള്ളിൽ ഉണ്ടായ തീപിടിത്തത്തിൽ ഒന്‍പത് പേർക്ക് ദാരുണാന്ത്യം. 60 ഓളം പേർക്ക് പരിക്കേറ്റു. നിരവധിപേരെ രക്ഷിക്കാനായെങ്കിലും ഇപ്പോഴും ഏതാനുംപേർ ഫാക്‌ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അധികൃതർ ആശങ്കപ്പെടുന്നു. തീപിടിത്തം ഉണ്ടാകുമ്പോൾ ഫാക്‌ടറിയിൽ 150 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് വിവരം (Madhya Pradesh Firecracker Factory Explosion).
ചൊവ്വാഴ്‌ച രാവിലെയാണ് ബൈരാഗഡ് പ്രദേശത്തെ ഫാക്‌ടറിയിൽ തീപിടിത്തമുണ്ടായത്. ചെറിയ തീപിടിത്തം പിന്നീട് നിരവധി സ്‌ഫോടനങ്ങൾക്ക് തിരികൊളുത്തുകയായിരുന്നു. ഫാക്‌ടറിക്ക് ചുറ്റുമുള്ള അറുപതിലധികം വീടുകൾക്ക് തീപിടിച്ചു. ജില്ലാഭരണകൂടം സമീപത്തെ നൂറിലധികം വീടുകൾ ഒഴിപ്പിച്ചു. തീപിടിത്തവും സ്ഫോടനങ്ങളും പ്രദേശത്ത് പരിഭ്രാന്തി പരത്തി.
തീ നിയന്ത്രണവിധേയമാക്കാൻ ഇൻഡോറിൽ നിന്നും ഭോപ്പാലിൽ നിന്നുമുള്ള അഗ്‌നിശമന സേനാ യൂണിറ്റുകൾ ഹർദയിൽ എത്തിച്ചിട്ടുണ്ട്. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് ഇൻഡോറിലേയും, ഭോപ്പാൽ എയിംസിലേയും തീപ്പൊള്ളൽ പരിചരണ യൂണിറ്റുകളോട് അടിയന്തര ക്രമീകരണങ്ങൾ സജ്ജമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തര യോഗവും വിളിച്ചിട്ടുണ്ട്. മന്ത്രി ഉദയ് പ്രതാപ് സിങ്, അഡീഷണൽ ചീഫ് സെക്രട്ടറി അജിത് കേസരി, ഹോം ഗാർഡ് ഡയറക്‌ടർ ജനറൽ അരവിന്ദ് കുമാർ എന്നിവരോട് ഹെലികോപ്റ്ററിൽ ഹർദയിലേക്ക് പോയി സ്ഥിതിഗതികൾ വിലയിരുത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സ്‌ഫോടനത്തിൻ്റെ പ്രകമ്പനം കിലോമീറ്ററുകൾക്ക് അപ്പുറം വരെ അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഇവിടെനിന്ന് ഉയരുന്ന ശക്തമായ പുകയും ദൂരെനിന്ന് കാണാം. ഇത് ശരിവയ്ക്കുന്ന നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Also Read: പടക്കം ഉപയോഗിക്കുന്നത് ജനം ഒഴിവാക്കണം, തങ്ങളുടെ കടമയെന്ന് പറയുന്നത് തെറ്റ് : സുപ്രീം കോടതി
മഗർദ്ദ റോഡിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പടക്ക നിർമ്മാണശാലയാണ് തീപിടിത്തത്തിന്‍റെ പ്രഭവകേന്ദ്രം എന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇവിടെ പടക്ക നിർമാണത്തിന് വൻതോതിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അധികൃതർ പറഞ്ഞു.