ജയ്‌പൂർ: പ്രണയ വിവാഹത്തിൽ പ്രകോപിതരായി യുവാവിന്‍റെ മൂക്ക് ചെത്തി ഭാര്യാ സഹോദരന്മാർ. സഹോദരിയുടെ ഭർത്താവിനെ ഭർത്താവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കിയശേഷമാണ് മൂക്ക് മുറിച്ചത്. രാജസ്ഥാനിലെ പാലി-ജോധ്പൂർ ഹൈവേയിൽ വച്ചാണ് യുവാവിന് നേരെ ഭാര്യയുടെ വീട്ടുകാരുടെ അതിക്രൂരമായ അതിക്രമം. ചെൽറാം തക്(23)നാണ് ആക്രമത്തിൽ പരിക്കേറ്റത്. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ യുവതിയുടെ രണ്ട് സഹോദരങ്ങളടക്കം അഞ്ച് പേർക്കെതിരെ തട്ടിക്കൊണ്ടുപോകലിനും മർദനത്തിനും കേസെടുത്തതായി പാലി ട്രാൻസ്‌പോർട്ട് നഗർ എസ്എച്ച്ഒ അനിതാ റാണി പറഞ്ഞു. വീട്ടുകാരുടെ സമ്മതമില്ലാതെ കഴിഞ്ഞ മാർച്ചിലാണ് ഇരുവരുടെയും വിവാഹം നടന്നത്. ചെൽറാം തകും ഭാര്യയും ഇന്ദിരാ നഗറിൽ വാടകയ്ക്ക് താമസിച്ച് വരികയാണ്.
ഇന്ദിരാ നഗറിലെ വീട്ടിലെത്തിയ കുടുംബാംഗങ്ങൾ തങ്ങൾക്ക് വിവാഹത്തിൽ എതിർപ്പില്ലെന്ന് ഇരുവരെയും തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പാലി-ജോധ്പൂർ ഹൈവേയിൽ വച്ച് യുവാവിനെ മർദിക്കുകയും മൂക്ക് മുറിക്കുകയും ചെയ്‌ത ശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. യുവാവിനെ നാട്ടുകാർ ചേർന്ന് ജോധ്പൂരിലെ എംജി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Also Read: ഗുണ്ട ആക്രമണം : യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് റോഡിൽ ഉപേക്ഷിച്ചു