ബെംഗളുരു: യുവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവിന് ജോലി നഷ്‌ടമായി. മികച്ച ഒരു കമ്പനിയില്‍ ബിസിനസ് ഡെവലപ്പ്മെന്‍റ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന യുവാവിനാണ് എക്‌സിലെ ഒരു സന്ദേശം മൂലം മികച്ച ഒരു തൊഴില്‍ നഷ്‌ടമായത്.
ഈ മാസം ഒന്‍പതിന് അന്‍സര്‍ എന്ന യുവാവിന് നികിത് ഷെട്ടി എന്ന ആളാണ് ഭാര്യ ഖ്യാതിശ്രീ മാന്യമായി വസ്‌ത്രം ധരിച്ചില്ലെങ്കില്‍ മുഖത്ത് ആസിഡൊഴിക്കുമെന്ന സന്ദേശം അയച്ചത്. തുടര്‍ന്ന് അന്‍സര്‍ ഈ സന്ദേശം സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവരെ ടാഗ് ചെയ്‌ത് കൊണ്ട് പോസ്റ്റ് ചെയ്‌തു. വലിയ ഭീഷണിയാണെന്നും എത്രയും പെട്ടെന്ന് നടപടി കൈക്കൊള്ളണമെന്നും അന്‍സര്‍ ആവശ്യപ്പെട്ടിരുന്നു.
This is serious. @DgpKarnataka @CMofKarnataka @DKShivakumar . This person is threatening to throw acid on my wife's face for her choice of clothes. Please take immediate action against this person to prevent any incident from happening. pic.twitter.com/N6fxS59Kqm
— Shahbaz Ansar (@ShahbazAnsar_) October 9, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഷെട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്‌ത്രീകള്‍ സുരക്ഷിതരല്ലെന്ന് താന്‍ കരുതുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം നെറ്റിസണ്‍ കമ്പനി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ ഷെട്ടിയെ കമ്പനി പിരിച്ച് വിട്ടു. കമ്പനി ഇക്കാര്യം ഇന്‍സ്റ്റഗ്രാം വഴി അറിയിച്ചു.
'നികിത് ഷെട്ടിയെന്ന തങ്ങളുടെ ജീവനക്കാരനെതിരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നതില്‍ വിഷമം ഉണ്ടെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. മറ്റൊരാളിന്‍റെ വസ്‌ത്രധാരണ സ്വാതന്ത്ര്യത്തില്‍ ഉള്ള കടന്ന് കയറ്റമാണിത്. ഇത്തരം പ്രവണതകള്‍ അനുവദിക്കാനാകില്ല. എറ്റിയോസ് സര്‍വീസിന്‍റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇയാള്‍ക്കെതിരെ നടപടി കൈക്കൊള്ളുന്നു'- എറ്റിയോസ് ഡിജിറ്റല്‍ സര്‍വീസസ് തങ്ങളുടെ ഇന്‍സ്റ്റ പോസ്റ്റില്‍ വ്യക്തമാക്കി.
സുരക്ഷിതവും ആദരവുമുള്ള പരിസ്ഥിതി സൃഷ്‌ടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി അറിയിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് ഇയാളെ കമ്പനിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. അയാള്‍ക്കെതിരെ കേസ് കൊടുക്കുമെന്നും സ്ഥാപനം വ്യക്തമാക്കി. കമ്പനിയുടെ നടപടിയില്‍ അന്‍സര്‍ നന്ദി അറിയിച്ചു.