ഹനമകൊണ്ട : തെലങ്കാനയിലെ ഹനമകൊണ്ടയിൽ വിചിത്രമായ സംഭവത്തിന് സാക്ഷ്യം വഹിച്ച് നാട്ടുകാരും പൊലീസും. ഹനുമകൊണ്ട ടൗണില്‍ രണ്ടാം ഡിവിഷനിലെ റെഡ്ഡിപുരം കോവേലകുണ്ടയിൽ തിങ്കളാഴ്‌ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ ഒരാൾ വെള്ളത്തില്‍ ഉറങ്ങിക്കിടന്നു. ഇത് മൃതദേഹമാണെന്ന് കരുതിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹമാണെന്ന് കരുതിയ മനുഷ്യനെ കൈപിടിച്ച് പുറത്തെടുക്കുകയായിരുന്നു. വെള്ളത്തിൽ നിന്ന് ശരീരം വലിച്ചെടുക്കുന്നതിനിടയില്‍ അയാള്‍ പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഉണർന്നു. ഇതോടെ പൊലീസുകാരും നാട്ടുകാരും ഞെട്ടി.
പൊലീസ് വിശദാംശങ്ങൾ ചോദിച്ചപ്പോൾ, താൻ നെല്ലൂർ ജില്ലക്കാരനാണെന്നും ഇപ്പോൾ കാസിപ്പേട്ടിൽ ദിവസക്കൂലിക്കാരനാണെന്നും അയാള്‍ പറഞ്ഞു. പിന്നീട് യുവാവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എന്തിനാണ് വെള്ളത്തിൽ ഉറങ്ങുന്നതെന്ന് പൊലീസ് ചോദിച്ചപ്പോൾ, ചൂട് കാരണമെന്നായിരുന്നു യുവാവിന്‍റെ മറുപടി. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.