ഹൈദരാബാദ് : തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ടിപ്പർ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. ട്രാഫിക് സിഗ്നലുകളിൽ കാറുകൾ വൃത്തിയാക്കുന്നയാളാണ് മരിച്ചത്. വൃത്തിയാക്കുന്നതിനിടെ കാറുടമയുമായുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. ആർമൂർ മേഖലയിലെ ട്രാഫിക് ജംഗ്ഷനിലാണ് സംഭവം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്‍റെ കാറിന്‍റെ ചില്ലുകൾ വൃത്തിയാക്കാൻ ഇയാളോട് പറഞ്ഞു. ഇയാൾ വൃത്തിയാക്കാൻ തുടങ്ങിയതോടെയാണ് തർക്കമുണ്ടായത്. തർക്കത്തെ തുടർന്ന് ഉദ്യോഗസ്ഥൻ കാറിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാളെ തള്ളിയിടുകയും പിന്നിൽ നിന്ന് വന്ന ടിപ്പർ ലോറിയുടെ ചക്രത്തിനടിയിൽ പെടുകയുമായിരുന്നു.
ഇരയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 304 (കൊലപാതക ശ്രമം) പ്രകാരം കാർ ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, ടിപ്പർ ലോറിയുടെ ഡ്രൈവർക്കെതിരെ ഐപിസി സെക്ഷൻ 304 എ (അശ്രദ്ധമൂലമുള്ള മരണം) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.