ആന്ധ്രപ്രദേശ്: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഏലൂരിലെ സത്രംപാട് സ്വദേശി രത്‌ന ഗ്രേസാണ് (23) കൊല്ലപ്പെട്ടത്. മുസ്‌നൂര്‍ സ്വദേശിയായ കാട്ടുബോയിന യേശുരത്‌നമാണ് കൊലപാതകത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചത്.
വ്യാഴാഴ്‌ച (മെയ് 29) ഉച്ചയ്‌ക്കാണ് സംഭവം. ബിരുദം പൂര്‍ത്തിയാക്കിയ രത്‌ന ഗ്രേസ് സത്രംപാടിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ്. പഠന സമയത്താണ് യുവതി കാട്ടുബോയിനയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് പ്രണയാഭ്യര്‍ഥനയുമായി എത്തിയത്.
നിരന്തരം ആവശ്യവുമായി യുവാവ് എത്തുന്നത് ഗ്രേസ് വീട്ടില്‍ അറിയിച്ചിരുന്നു. യുവാവിന്‍റെ ശല്യം തുടരുന്നതിനിടെ ഗ്രേസിന്‍റെ വിവാഹ നിശ്ചയം മറ്റൊരാളുമായി മെയ് 26ന് കഴിഞ്ഞു. ജൂണ്‍ 16ന് വിവാഹം നടത്താനായിരുന്നു കുടുംബത്തിന്‍റെ തീരുമാനം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ യുവാവ് സ്‌കൂളിന് അടുത്ത് കാത്തുനിന്നു.
ഉച്ചയ്‌ക്ക് ഗ്രേസ് സ്‌കൂളിന് അടുത്തുള്ള ബാങ്കിലേക്ക് പോകാനിറങ്ങിയപ്പോള്‍ യുവാവ് സ്ഥലത്തെത്തി സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. ഇരുവരും സംസാരിക്കുന്നതിനിടെ യുവതി വിവാഹത്തെ കുറിച്ച് കാട്ടുബോയിനയോട് പറഞ്ഞു. ഇതോടെ പ്രകോപിതനായ യുവാവ് കത്തിയെടുത്ത് ഗ്രേസിന്‍റെ കഴുത്തറുത്തു.
ഗുരുതര പരിക്കേറ്റ ഗ്രേസ് നിലത്ത് വീണതോടെ കത്തിയെടുത്ത് യുവാവ് സ്വന്തം കഴുത്ത് അറുത്ത് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇതോടെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഗ്രേസ് മരിച്ചു.
ആത്മഹത്യ ശ്രമത്തിനിടെ പരിക്കേറ്റ യുവാവിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മികച്ച ചികിത്സ നല്‍കാനായി വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.