ഇന്ദാപൂർ (പൂനെ) : ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിക്കെ യുവാവിനെ അക്രമി സംഘം വെടിവച്ചുകൊന്നു. പൂനെയിലെ ഇന്ദാപൂര്‍ സിറ്റിയിലാണ് സംഭവം. അവിനാഷ് ധന്വെ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ട അവിനാഷ്, സുഹൃത്തുക്കളോടൊപ്പം ഇന്ദാപൂരിലെ ഒരു ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. ഈ സമയം, പിന്നിലൂടെ എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. അക്രമികൾ ആദ്യം അവിനാഷിന് നേരെ വെടിയുതിര്‍ത്തു. തുടർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.
അവിനാഷിന്‍റെ തലയ്ക്കാണ് വെടിയേറ്റത്. ഇയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വെടിയുതിർത്തത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൂനെയിലെ അലണ്ടി പ്രദേശത്താണ് അവിനാഷ് താമസിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികളിലേക്ക് എത്താനുള്ള നീക്കത്തിലാണ് പൊലീസ്. പൂനെ നഗരത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുറ്റകൃത്യങ്ങളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. അക്രമ സംഭവങ്ങള്‍ പ്രദേശത്തെ ക്രമസമാധാന നിലയെ ബാധിച്ചിട്ടുണ്ട്. ഈയിടെ വൻതോതില്‍ മയക്കുമരുന്ന് പൂനെയില്‍ നിന്ന് പിടികൂടിയിരുന്നു.