റായ്‌പൂര്‍: മതം മാറാൻ നിര്‍ബന്ധിപ്പിച്ചുവെന്നാരോപിച്ച് ഛത്തീസ്‌ഗഢിൽ 30കാരൻ ജീവനൊടുക്കി. സ്വന്തം ഭാര്യയും കുടുംബവുമാണ് നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്താൻ ശ്രമിച്ചത്. തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ ആത്മഹത്യാ കുറിപ്പ് എഴുതിയ ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ഭാര്യ അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഛത്തീസ്‌ഗഢിലെ പൊട്ടിയാഡി സ്വദേശിയും തയ്യൽ തൊഴിലാളിയുമായ ലിനേഷ് സാഹുവാണ് മരിച്ചത്.
നിര്‍ബന്ധിത മത പരിവര്‍ത്തനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി ഭാര്യ കരുണ സാഹു, സഹോദരീ ഭർത്താവ് കരുണ, സാഹുവിൻ്റെ വീട്ടുകാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മത പരിവർത്തനത്തിന് നിര്‍ബന്ധിക്കുകയും ലിനേഷ് സാഹുവിനെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തതായി യുവാവിൻ്റെ വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതികൾക്കെതിരെ ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) സെക്ഷൻ 108 പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായി അർജുനി പൊലീസ് പറഞ്ഞു. നിര്‍ബന്ധിത മതപരിവർത്തനവും മാനസിക സമ്മർദ്ദവും സഹിക്കാനാകാതെയാണ് ഇയാള്‍ ആത്മഹത്യ ചെയ്‌തതെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ മനസിലായതായും പൊലീസ് പറഞ്ഞു.
തൻ്റെ മതം മാറ്റാൻ ഭാര്യയും വീട്ടുകാരും സമ്മർദ്ദം ചെലുത്തുന്നുവെന്നും ഉപദ്രവിക്കുന്നതായും സോഷ്യൽ മീഡിയയിൽ യുവാവ് കുറിച്ചിരുന്നു. തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്ന് എഎസ്‌പി മണിശങ്കർ ചന്ദ്ര പറഞ്ഞു. 2023ലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഭാര്യയും വീട്ടുകാരും മത പരിവർത്തനം ചെയ്യാൻ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് യുവാവിൻ്റെ വീട്ടുകാര്‍ ആരോപിച്ചു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മര്‍ദ്ദം ആത്മഹത്യാ പ്രേരണ എന്നിവയുണ്ടെങ്കിലോ സുഹൃത്തുക്കളുടെ മാനസികാവസ്ഥയില്‍ ആശങ്കയുണ്ടെങ്കിലോ സ്നേഹ ഫൗണ്ടേഷൻ-04424640050 (24x7 ലഭ്യമാണ്) നമ്പറിലേക്ക് വിളിക്കാവുന്നതാണ്. അല്ലെങ്കിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൻ്റെ ഹെൽപ്പ് ലൈൻ-9152987821 എന്ന നമ്പറിൽ വിളിക്കുക(തിങ്കളാഴ്‌ച മുതൽ ശനിയാഴ്‌ച വരെ രാവിലെ 8 മുതൽ രാത്രി 10 വരെ).