ചെന്നൈ: ആന്ധ്രാപ്രദേശ് വൈഎസ്ആർസിപി രാജ്യസഭ എംപി ബീദ മസ്‌താൻ റാവുവിന്‍റെ മകൾ ഓടിച്ച കാറിടിച്ച് 22കാരന് ദാരുണാന്ത്യം. ചെന്നൈയിലെ ബസൻ്റ് നഗറിലെ ഓടക്കുപ്പം സ്വദേശിയായ സൂര്യ ആണ് മരിച്ചത്. വരദരാജ് റോഡിലെ നടപ്പാതയിൽ ഉറങ്ങുകയായിരുന്ന സൂര്യയുടെ ശരീരത്തിലേക്ക് എംപിയുടെ മകളായ ബീദ മാധുരി ഓടിച്ച ബിഎംഡബ്ല്യു പാഞ്ഞുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ അറസ്റ്റ് ചെയ്‌ത ബീദ മാധുരിയെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു. യുവാവിന്‍റെ ബന്ധുക്കളുടെ പരാതിൽ കേസെടുത്തിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മാധുരിയുടെ കാറാണ് അപകടമുണ്ടാക്കിയതെന്ന് കണ്ടെത്തി.
തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. യുവാവിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തെ തുടർന്ന് പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവാവിന്‍റെ ബന്ധുക്കൾ ശാസ്ത്രിഭവൻ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തി.