ദിന്‍ഹട്ട: ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ (എൻഐഎ) പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ബംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ രണ്ട് പേരെ പശ്ചിമ ബംഗാളില്‍ നിന്ന് അറസ്‌റ്റ് ചെയ്‌ത പശ്ചാത്തലത്തിലാണ് മമതയുടെ നടപടി.
സംഭവത്തില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണങ്ങളുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. പശ്ചിമബംഗാള്‍ പൊലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തതെന്നും അവര്‍ വ്യക്തമാക്കി. കിഴക്കന്‍ മിഡ്‌നാപ്പൂരിലെ കാന്തിയില്‍ നിന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണാര്‍ത്ഥം മമത വടക്കന്‍ ബംഗാളിലാണ് ഉള്ളത്. ദിന്‍ഹാട്ട സന്‍ഘാട്ടി മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധനം ചെയ്യുകയായിരുന്നു അവര്‍. കല്‍ചിനിയില്‍ മറ്റൊരു യോഗവുമുണ്ട്.
രാമേശ്വരം കഫെ സ്ഫോടനത്തിലെ മുഖ്യസൂത്രധാരരില്‍ ഒരാളെ പശ്ചിമബംഗാളില്‍ നിന്ന് എന്‍ഐഎ അറസ്‌റ്റ് ചെയ്‌തെന്ന് ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് അറസ്‌റ്റ് ചെയ്‌തത് തങ്ങളാണെന്ന് പശ്ചിമബംഗാള്‍ പൊലീസ് തങ്ങളുടെ എക്‌സില്‍ കുറിച്ചിരുന്നു. തങ്ങള്‍ അറസ്‌റ്റ് ചെയ്‌ത് പ്രതികളെ എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.
ഇതേക്കുറിച്ച് സംസാരിക്കുമ്പോഴാണ് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ചത്. ബെംഗളുരുവില്‍ ഒരു സ്ഫോടനമുണ്ടായിരിക്കുന്നു. പ്രതികളെല്ലാം കര്‍ണാടകക്കാരാണ്. പശ്ചിമബംഗാളില്‍ നിന്നുള്ളവര്‍ ആരുമില്ല. അവര്‍ ഇവിടെ ഒളിച്ചു താമസിച്ചു. എന്നാല്‍ ഞങ്ങള്‍ അവരെ രണ്ട് മണിക്കൂറിനുള്ളില്‍ കണ്ടെത്തി പിടികൂടി. ബംഗാളിലെ ജനത സമാധാനത്തോടെ കഴിയുകയാണ്. അത് ബിജെപിക്ക് സഹിക്കാനാകുന്നില്ല. ഉത്തര്‍പ്രദേശും ഗുജറാത്തും സുരക്ഷിതമാണോയെന്നും അവര്‍ ആരാഞ്ഞു.
മമത ബാനര്‍ജിയുടെ ഭരണത്തില്‍ സംസ്ഥാനം രാജ്യാന്തര ഭീകരരുടെ സുരക്ഷിത ഇടമായി മാറിയിരിക്കുന്നുവെന്ന് ഭീകരരുടെ അറസ്‌റ്റിന് പിന്നിലെ പ്രതിപക്ഷ നേതാവ് സുവേന്ദുകുമാര്‍ അധികാരി ആരോപിച്ചിരുന്നു. ഇതേ ആരോപണം അമിത് മാളവ്യയും ഉന്നയിച്ചു.
Also Read: രാമേശ്വരം കഫേ സ്ഫോടന കേസ്; മുഖ്യ പ്രതിയും സൂത്രധാരനും പിടിയില്‍
സുവേന്ദു അധികാരിയെ കുറ്റപ്പെടുത്തി ടിഎംടി രാജ്യസഭാംഗം സാകേത് ഗോഖലെ ട്വീറ്റ് ചെയ്‌തു. പേരെടുത്ത് പറയാതെ ആയിരുന്നു വിമര്‍ശനം. ബംഗാളില്‍ എവിടെ നിന്നാണ് രണ്ട് ഭീകരരെ അറസ്‌റ്റ് ചെയ്‌തത്. കാന്തിയില്‍ നിന്ന്, ഇവിടെ ആരുടെ ശക്തി കേന്ദ്രമാണെന്ന് ബിജെപി നമ്മോട് പറയുന്നില്ല. ആരാണ് അവിടുത്തെ നിലവിലെ എംപി എന്നും അദ്ദേഹം ചോദിച്ചു. ഇതേ കേസുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ ഒരു ബിജെപി അംഗത്തെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു എന്നും ഗോഖലെ ട്വീറ്റ് ചെയ്‌തു.