ന്യൂഡല്‍ഹി : ബിജെപിക്കും ആര്‍എസ്‌എസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദലിത്, ആദിവാസി, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള സംവരണം അവസാനിപ്പിക്കുകയാണ് ബിജെപിയുടെയും ആര്‍എസ്‌എസിന്‍റെയും ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്‌എസിലെയും ബിജെപിയിലെയും ഉന്നത നേതാക്കള്‍ സംവരണം അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇന്നലെ എക്‌സില്‍ പോസ്റ്റ് ചെയ്‌ത കുറിപ്പിലാണ് ഖാര്‍ഗെയുടെ വിമര്‍ശനം.
രാജ്യത്തെ കമ്പനികളെല്ലാം സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഒഴിഞ്ഞുകിടക്കുന്ന നിരവധി തസ്‌തികകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്‍റ് നടത്തുന്നതിലെ സര്‍ക്കാര്‍ അലംഭാവമാണ് ഇതിലൂടെ വെളിവാകുന്നത്. കഴിഞ്ഞ 10 വര്‍ഷമായി വിവിധ മേഖലകളിലായി 30 ലക്ഷം തസ്‌തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ഇതില്‍ 15 ലക്ഷം തസ്‌തികകളിലേക്ക് റിക്രൂട്ട്‌മെന്‍റ് നടത്തിയിരുന്നെങ്കില്‍ എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്ക് നേരിട്ട് അതിന്‍റെ പ്രയോജനം ലഭിക്കുമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും ചെയ്‌തില്ല. രാജ്യത്തെ ഇത്തരം കമ്പനികളെ സ്വകാര്യവത്‌കരിക്കാനും താത്‌കാലിക ജോലികള്‍ പ്രോത്സാഹിപ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമമെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
സർക്കാർ കോളജുകളിലെ സംവരണം അവസാനിപ്പിക്കാനും ഗൂഢാലോചന നടന്നിട്ടുണ്ട്. സംവരണ സമ്പ്രദായം ഇല്ലാതാക്കുന്നതിനൊപ്പം ഭരണഘടനയിലും മാറ്റം വരുത്താനാണ് ബിജെപി- ആർഎസ്എസ് കൂട്ടുകെട്ട് ഉദ്ദേശിക്കുന്നത്. ഇതിന് പ്രധാനമന്ത്രി പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശങ്ങൾ നൽകുന്നതാണ് ഭരണഘടന.
അങ്ങനെയെങ്കില്‍ സംവരണത്തിനുള്ള നിങ്ങളുടെ അവകാശം എടുത്തുകളയേണ്ടതുണ്ടോയെന്നും ഖാര്‍ഗെ ചോദിച്ചു. സ്വന്തം താത്‌പര്യങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ബിജെപിയ്‌ക്കും ആര്‍എസ്‌എസിനും എങ്ങനെ രാജ്യത്തിന്‍റെ അധികാരം നല്‍കാനാകുമെന്ന് ചോദിച്ച ഖാര്‍ഗെ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നും ജനങ്ങളോട് അഭ്യര്‍ഥിച്ചു.