ന്യൂഡല്‍ഹി: ഓള്‍ഡ് രാജേന്ദര്‍ റോഡിലെ സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി മുങ്ങി മരിച്ചവരില്‍ മലയാളി വിദ്യാര്‍ഥിയും. എറണാകുളം സ്വദേശി നെവിന്‍ ഡെല്‍വിന്‍ ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. തെലങ്കാന സ്വദേശി താനിയ സോണി, ഉത്തര്‍പ്രദേശ് സ്വദേശി ശ്രിയ യാദവ് എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാര്‍ഥികള്‍.
പരിശീലന കേന്ദ്രത്തിന്‍റെ ബേസ്മെന്‍റിലുള്ള ലൈബ്രറിയിലേക്ക് ഏഴടിയോളം ഉയരത്തില്‍ വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവ സ്ഥലത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കി. സംഭവ സ്ഥലത്തെത്തിയ എഎപി എംപി സ്വാതി മലിവാളിനെതിരെ വിദ്യാർഥികള്‍ പ്രതിഷേധിച്ചു.
വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
#WATCH | Delhi: AAP MP Swati Maliwal arrives at the spot in Old Rajender Nagar where the students are protesting.
— ANI (@ANI) July 28, 2024
The students protest against her and say, 'We will not let you do politics."
3 students lost their lives after the basement of a coaching institute was filled with… pic.twitter.com/M1PwylN6bs
പ്രദേശത്ത് കൃത്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ലെന്ന് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർഥികൾ പറയുന്നു. അരമണിക്കൂർ മഴ പെയ്‌താല്‍ തന്നെ മുട്ടോളം വെള്ളം നിറയുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ജീവൻ പണയപ്പെടുത്തിയാണ് പഠനം നടത്തുന്നത്. ഇത് ദുരന്തമല്ല ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ അനാസ്ഥയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ജലമന്ത്രി അതിഷി ഉത്തരവിട്ടു. 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി നരേഷ് കുമാറിനോട് ഡൽഹി സർക്കാർ നിർദേശിച്ചു. സമീപത്തെ ഓടയോ ഡ്രെയിനേജോ പൊട്ടി വെള്ളം നിറഞ്ഞിരിക്കാമെന്ന് എഎപി എംഎൽഎ ദുർഗേഷ് പഥക് പറഞ്ഞു.
15 വർഷമായി ബിജെപിക്ക് ഇവിടെ കൗൺസിലർ ഉണ്ടായിരുന്നു എന്നും അവർ എന്താണ് ചെയ്‌തതെന്ന് ബിജെപി പറയണമെന്നും ദുര്‍ഗേഷ് പറഞ്ഞു. അതേസമയം, കെജ്‌രിവാളിന്‍റെയും അതിഷിയുടെയും സർക്കാരിന്‍റെ അഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്നാണ് സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ പ്രതികരിച്ചത്.
Read More : സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി; മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു