ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള ഫെമ നിയമലംഘനക്കേസിലെ അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ(Mahua Moitra ) തടയണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹ്‌വ മൊയ്ത്ര നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് ഡല്‍ഹി ഹൈക്കോടതി മാറ്റി. 1999ലെ വിദേശ ധന ഇടപാട് നിയമപ്രകാരമാണ് മൊയ്ത്രയ്ക്കെതിരെ അന്വേഷണം നടക്കുന്നത്(Delhi HC).
ഇതുമായി ബന്ധപ്പെട്ട് തികച്ചും സ്വകാര്യവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങള്‍ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോര്‍ത്തുന്നുവെന്നാണ് മൊയ്ത്രയുടെ ആരോപണം(FEMA Case). എന്നാല്‍ ആരോപണങ്ങള്‍ ഇഡി നിഷേധിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ വിധി നാളെ പറയുമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യത്തിന്‍റെ ബെഞ്ച് വ്യക്തമാക്കി. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളുടെ വിവരങ്ങള്‍ ഇഡി ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് അഭിഭാഷക റെബേക്ക ജോണ്‍ വഴിയാണ് മെഹുവ മൊയ്ത്ര കോടതിയില്‍ ഹര്‍ജി നല്‍കിയത്. തന്‍റെ കക്ഷിക്ക് നല്‍കും മുമ്പ് ഇഡി വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയും അത് വാര്‍ത്തയാക്കുകയും ചെയ്യുന്നുവെന്നും അവര്‍ ആരോപിച്ചു.
സ്ഥിരീകരിക്കാത്തതും അബദ്ധജടിലവും അപകീര്‍ത്തികരവുമായ വാര്‍ത്തകള്‍ തനിക്കെതിരെ പ്രസിദ്ധീകരിച്ച 19 മാധ്യമസ്ഥാപനങ്ങളും ഇത്തരം നടപടികളില്‍ നിന്ന് പിന്തിരിയണമെന്ന് മൊയ്ത്ര തന്‍റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ പണമിടപാടുമായി ബന്ധപ്പെട്ട് ഈ മാസം 14നും 20നും ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ഇഡി മെഹുവയോട് ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തെറ്റായ വിവരങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഇഡിയും മാധ്യമങ്ങളും പിന്തിരിയണമെന്നാണ് ആവശ്യം. ഇഡി തെറ്റായ ഉദ്ദേശ്യത്തോടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് മൊയ്ത്രയുടെ ആരോപണം. നീതിയുക്തമായ അന്വേഷണമെന്ന പരാതിക്കാരുടെ അവകാശത്തെ ഹനിക്കുന്നതാണ് ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തങ്ങള്‍ ഒരു വിവരവും ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും ഇത്തരം വാര്‍ത്തകളുടെ ഉറവിടമറിയില്ലെന്നുമായിരുന്നു ഇഡിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍റെ വാദം.
പാര്‍ലമെന്‍റില്‍ ചോദ്യം ചോദിക്കുന്നതിന് പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ മഹുവ മൊയ്‌ത്രയുടെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കാന്‍ പാര്‍ലമെന്‍റിന്‍റെ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ബിജെപി അംഗം നിഷികാന്ത് ദുബെയാണ് മൊയ്ത്രയ്ക്കെതിരെ ആരോപണം ഉയര്‍ത്തിയത്. ഗൗതം അദാനിയെക്കുറിച്ച് ചോദ്യമുന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണം കൈപ്പറ്റിയെന്നാണ് മഹുവ മൊയ്‌ത്രയ്ക്കെതിരെയുള്ള ആരോപണം.