മുംബൈ: ആദ്യ വോട്ട് എണ്ണും മുമ്പ് തന്നെ മഹാരാഷ്‌ട്രയില്‍ മുഖ്യമന്ത്രിക്കസേരയെച്ചൊല്ലി തര്‍ക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഭരണസഖ്യമായ മഹായുതിയിലും പ്രതിപക്ഷമായ മഹാ വികാസ് അഘാടിയിലും അടുത്ത സര്‍ക്കാരിനെ ആര് നയിക്കണമെന്നതിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വോട്ടെടുപ്പ് പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ തന്നെ ജനഹിതം തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന വാദമുഖങ്ങളുമായി ഭരണ-പ്രതിപക്ഷ സഖ്യങ്ങള്‍ രംഗത്ത് എത്തിക്കഴിഞ്ഞു. നാളെയാണ് വോട്ടെണ്ണല്‍ നടക്കുക.
തന്‍റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പട്ടോലെ ഉറപ്പിച്ച് പറയുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്നാണ് പട്ടോലെയുടെ അവകാശവാദം.
2024 ല്‍ മഹാരാഷ്‌ട്രയില്‍ മത്സരിച്ച പ്രധാന പാര്‍ട്ടികള്‍
മഹായുതി സഖ്യം | |
ബിജെപി | 149 |
ശിവസേന | 81 |
എൻസിപി (അജിത് പവാര്‍) | 59 |
മഹാവികാസ് അഘാടി സഖ്യം | |
കോൺഗ്രസ് | 101 |
ശിവസേന (യുബിടി) | 95 |
എൻസിപി (ശരദ് പവാര്‍) | 86 |
മറ്റുപാര്‍ട്ടികള്‍ | |
ബിഎസ്‌പി | 237 |
എഐഎംഐഎം | 17 |
മഹാവികാസ് അഘാടിയുടെ വിജയത്തിന് ശേഷം മുഖ്യമന്ത്രി ആരായിരിക്കുമെന്ന് എല്ലാ കക്ഷികളും ചേര്‍ന്ന് തീരുമാനിക്കുമെന്നാണ് സഖ്യകക്ഷിയായ ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം. പട്ടോലെയാണ് മുഖ്യമന്ത്രിയായി പരിഗണിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് ഹൈമാന്‍ഡ് അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നാണ് രാജ്യസഭ എംപിയുടെ നിലപാട്.
കോണ്‍ഗ്രസ്, ശിവസേന (യുബിടി) എന്‍സിപി (എസ്‌പി), എന്നീ കക്ഷികള്‍ അടങ്ങിയതാണ് മഹാവികാസ് അഘാടി സഖ്യം. ബിജെപി, ശിവസേന, എന്‍സിപി എന്നിവരാണ് മഹായുതിയിലെ കക്ഷികള്‍. ശനിയാഴ്‌ച വോട്ടെണ്ണല്‍ കഴിയുമ്പോള്‍ തങ്ങളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുമുന്നണികളും.
അതേസമയം മിക്ക അഭിപ്രായ സര്‍വേകളിലും മഹായുതി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. കുറച്ച് സര്‍വേകള്‍ മാത്രമാണ് മഹാവികാസ് അഘാടി സഖ്യത്തിന് സാധ്യത കല്‍പ്പിക്കുന്നത്.
മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ഉയര്‍ത്തിക്കാട്ടിയാണ് സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നാണ് ശിവസേന എംഎല്‍എയും പാര്‍ട്ടി വക്താവുമായ സഞ്ജയ് ശിര്‍സാത് പ്രതികരിച്ചത്. വോട്ടെടുപ്പിലുടനീളം വോട്ടര്‍മാര്‍ ഷിന്‍ഡെയ്ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നതും. അടുത്ത മുഖ്യമന്ത്രിയാകുക എന്നത് ഷിന്‍ഡെയുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം ഉപമുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുമന്നാണ് ബിജെപി നേതാവ് പ്രവീണ്‍ ദരെക്കറിന്‍റെ അഭിപ്രായം. ബിജെപിയില്‍ നിന്നാണ് മുഖ്യമന്ത്രിയെങ്കില്‍ അത് തീര്‍ച്ചയായും ഫട്‌നാവിസ് തന്നെയാകുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.
തന്‍റെ പാര്‍ട്ടി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറാകും മുഖ്യമന്ത്രി പദത്തിലെത്തുക എന്നാണ് എന്‍സിപി നേതാവ് അമോല്‍ മിത്‌കാരിയുടെ ഉറപ്പ്. തെരഞ്ഞെടുപ്പ് ഫലം എന്ത് തന്നെ ആയാലും എന്‍സിപിയാകും കിങ് മേക്കറെന്ന കാര്യത്തിലും അദ്ദേഹത്തിന് തെല്ലും സംശയമില്ല.
അതേസമയം മഹായുതിയിലെ എല്ലാ കക്ഷികളും കൂടിയാലോചിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കമെന്നാണ് ഫട്‌നാവിസ് ഇതേക്കുറിച്ച് പ്രതികരിച്ചത്.
മഹായുതി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ബിജെപി നേതാവ് ദരേക്കര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. മഹാവികാസ് അഘാടി അധികാരത്തിലെത്താന്‍ യാതൊരു സാധ്യതയുമില്ലെന്നും അവിടെ തമ്മിലടിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
മഹാരാഷ്‌ട്ര ജനത കൃത്യമായ ഭൂരിപക്ഷം തങ്ങള്‍ക്ക് നല്‍കും. മഹായുതിയില്‍ നിന്നാകും മുഖ്യമന്ത്രി. ഏതായാലും മഹാവികാസ് അഘാടി സര്‍ക്കാര്‍ രൂപീകരിക്കില്ല. കോണ്‍ഗ്രസില്‍ നിന്ന് യാതൊരു കാരണവശാലും മുഖ്യമന്ത്രിയുണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പിക്കുന്നു.
കോണ്‍ഗ്രസ് എംപി പ്രണീതി ഷിന്‍ഡെയും അവരുടെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയും ഉദ്ധവ് താക്കറെയുടെ ആളായ സ്വതന്ത്ര സ്ഥാനാര്‍ഥിയെ സോലാപ്പൂര്‍ ജില്ലയില്‍ പിന്തുണയ്ക്കുന്നുവെന്നത് മഹാവികാസ് അഘാടി സഖ്യത്തിലെ പടലപ്പിണക്കത്തിന് ഉത്തമോദാഹരണമാണെന്ന് അദ്ദേഹം പറയുന്നു. ഇതെല്ലാം കാട്ടുന്നത് സഖ്യത്തിലെ ഐക്യമില്ലായ്‌മയെ ആണ്. ഉള്‍പ്പാര്‍ട്ടിയില്‍ ഐക്യമില്ലാതെ എങ്ങനെ അവര്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നും അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രിയാകാമെന്ന പട്ടോലെയുടെ ആഗ്രഹം വെറും പാഴ്‌ക്കിനാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഒരു അഭിപ്രായ സര്‍വെകളും അന്തിമമല്ല. ചിലര്‍ മഹായുതി വിജയിക്കുമെന്ന് പറയുന്നു. വിജയിക്കുന്ന ചില സ്വതന്ത്രര്‍ മഹായുതിയെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്. പ്രഹാര്‍ ജനശക്തി പാര്‍ട്ടി നേതാവ് ബച്ചുച്ചു കഠു തങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന്‍റെ സീറ്റുകള്‍ അനിശ്ചിതത്വത്തിലാണ്. അദ്ദേഹത്തിന്‍റെ എത്ര സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്ന് നോക്കാം.
രാഹുല്‍ അമേരിക്കയിലേക്ക് പോയി അവിടുത്തെ കാര്യങ്ങള്‍ ഒക്കെ നോക്കട്ടെ എന്നായിരുന്നു അദാനി വിഷയത്തോടുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം. കേന്ദ്ര സര്‍ക്കാര്‍ നിലം പൊത്തുമെന്നുള്ള രാഹുലിന്‍റെ പ്രതികരണങ്ങള്‍ ബാലിശവും അടിസ്ഥാന രഹിതവുമാണ്. ലോക്‌സഭാംഗം സുപ്രിയ സുലെയും പട്ടോലെയും തെരഞ്ഞെടുപ്പില്‍ അനധികൃത ബിറ്റ് കോയിന്‍ ഉപയോഗിച്ചെന്നും അദ്ദേഹം ആരോപിച്ചു. സത്യം എന്നായാലും പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈ ആരോപണങ്ങള്‍ സുലെയും പട്ടോലെയും തള്ളി. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ അന്വേഷണങ്ങള്‍ എംവിഎ നേതാക്കളുടെ പങ്കാണ് വ്യക്തമാക്കുന്നത്. സത്യം പുറത്ത് വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്‌ട്രയില്‍ ഇക്കുറി 66.05ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2019ല്‍ ഇത് 61.1ശതമാനമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ സംസ്ഥാനത്തുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണിക്കുറി ഉണ്ടായത്.
അതേസമയം മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ സ്വതന്ത്ര എംഎല്‍എമാര്‍ വലിയ പങ്ക് വഹിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകനായ ജയന്ത് മൈനേക്കര്‍ പറയുന്നത്. എന്‍സിപി(എസ്‌പി) വിഭാഗം നേതാവായ ശരദ് പവാര്‍ തന്നെയാകും സംസ്ഥാനത്തെ മുഖ്യമന്ത്രിയെ നിര്‍ണയിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഏതായാലും മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും മുഖ്യമന്ത്രി ചര്‍ച്ചകളും വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞു.
2019ലെ തെരഞ്ഞെടുപ്പും അനിശ്ചിതത്വങ്ങളും:
2019 ഒക്ടോബർ 21 ആയിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും (എസ്എച്ച്എസ്) ചേര്‍ന്ന എൻഡിഎ സഖ്യമാണ് ഭൂരിപക്ഷം നേടിയത്. എന്നാല്‍ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് സഖ്യം പിരിഞ്ഞു. ഇത് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായി.
ഒരു പാർട്ടിക്കും സർക്കാർ രൂപീകരിക്കാൻ കഴിയാതെ വന്നതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 2019 നവംബർ 23 ന് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്‌തു. എന്നാല്‍ 2019 നവംബർ 26-ന് വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ഇരുവരും രാജിവച്ചു.
2019 തെരഞ്ഞെടുപ്പ് ഫലം
പാര്‍ട്ടിയും സഖ്യവും | മത്സരിച്ച സീറ്റുകള്‍ | വിജയിച്ച സീറ്റുകള്‍ | |
---|---|---|---|
1 | ബിജെപി | 164 | 105 |
2 | ശിവസേന | 126 | 56 |
3 | നാഷണലിസ്‌റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി | 121 | 54 |
4 | ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് | 147 | 44 |
5 | ബഹുജൻ വികാസ് ആഘാഡി | 31 | 3 |
6 | ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ | 44 | 2 |
7 | സമാജ്‌വാദി പാര്‍ട്ടി | 7 | 2 |
8 | പ്രഹർ ജനശക്തി പാർട്ടി | 26 | 2 |
9 | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | 8 | 1 |
10 | മഹാരാഷ്ട്ര നവനിർമാൺ സേന | 101 | 1 |
11 | പെസൻ്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യ | 24 | 1 |
12 | സ്വാഭിമാനി പക്ഷ | 5 | 1 |
13 | ജൻ സുരാജ്യ ശക്തി | 4 | 1 |
14 | ക്രാന്തികാരി ഷേത്കാരി പാർട്ടി | 1 | 1 |
15 | രാഷ്ട്രീയ സമാജ് പക്ഷ | 6 | 1 |
16 | വഞ്ചിത് ബഹുജൻ അഘാഡി | 236 | 0 |
17 | സ്വതന്ത്രർ | 1400 | 13 |
2019 നവംബർ 28-ന് ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്ന് മഹാ വികാസ് അഘാഡി (എംവിഎ) എന്ന പുതിയ സഖ്യം രൂപീകരിച്ച് സർക്കാർ രൂപീകരിച്ചു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി.
2022 ജൂൺ 29 ന്, നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള എംഎൽഎമാരുടെ ഒരു വിഭാഗം ശിവസേനയിൽ നിന്ന് പിരിഞ്ഞ് ബിജെപിയുമായി സഖ്യമുണ്ടാക്കി. തുടർന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. പിന്നാലെ ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്‌തു.
മഹാരാഷ്‌ട്ര അസംബ്ലിയിലെ നിലവിലെ സ്ഥിതി
നിലവില്‍ എന്‍ഡിഎയ്ക്ക് മഹാരാഷ്‌ട്ര നിയമസഭയില്‍ 201 എംഎഎല്‍എമാരാണുള്ളത്. സഖ്യത്തിന് പുറത്തുനിന്നുള്ള നാല് എംഎല്‍എമാരും എന്‍ഡിഎ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
സഖ്യം | പാര്‍ട്ടി | എംഎല്‍എമാരുടെ എണ്ണം | |
---|---|---|---|
സർക്കാർ (205) എൻഡിഎ (201) | ബിജെപി | 103 | |
ശിവസേന (ഷിന്‍ഡേ പക്ഷം) | 38 | ||
എന്‍സിപി (അജിത് പവാര്‍ പക്ഷം) | 41 | ||
പ്രഹർ ജനശക്തി പാർട്ടി | 2 | ||
ആര്‍എസ്‌പി | 1 | ||
ജൻ സുരാജ്യ ശക്തി | 1 | ||
സ്വതന്ത്രര്‍ | 13 | ||
മറ്റുപാര്‍ട്ടികള്‍ | ബഹുജൻ വികാസ് ആഘാഡി | 3 | |
മഹാരാഷ്ട്ര നവനിർമാൺ സേന | 1 | ||
പ്രതിപക്ഷം (76) മഹാ വികാസ് അഘാഡി (74) | ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് | 36 | |
ശിവസേന (യുബിടി) | 15 | ||
എന്‍സിപി (ശരദ് പവാര്‍) | 12 | ||
സമാജ്‌വാദി പാര്‍ട്ടി | 2 | ||
സിപിഐ(എം) | 1 | ||
പെസൻ്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യ | 1 | ||
സഖ്യമല്ലാത്തവര്‍ (02) | |||
എഐഎംഐഎം | മുഹമ്മദ് ഇസ്‌മായിൽ അബ്‌ദുൾ ഖാലിഖ് | ||
ആകെ | 273 |
പ്രചാരണത്തിലും രാഷ്‌ട്രീയ വിഷയങ്ങളിലും ഇഞ്ചോടിഞ്ച് നിന്ന് പോരാടിയ മുന്നണികളില്‍ ആര്‍ക്കൊപ്പമാണ് ജനമനസ് എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.