ന്യൂഡൽഹി: മഹാരാഷ്‌ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രണ്ട് സ്ഥലങ്ങളിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ച വിജയം സ്വന്തമാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. മറുവശത്ത് പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി ഭരണം പിടിക്കാമെന്നാണ് ഇന്ത്യാ സഖ്യത്തിന്‍റെ പ്രതീക്ഷ. മഹാരാഷ്‌ട്രയില്‍ 288 സീറ്റും ജാര്‍ഖണ്ഡില്‍ 81 സീറ്റുമാണുള്ളത്.
ദേശീയ രാഷ്‌ട്രീയത്തെ സ്വാധീനിക്കുന്ന ഫലമായിരിക്കും മഹാരാഷ്‌ട്രയിലേത്. മഹാവികാസ്, മഹായൂതി സഖ്യങ്ങള്‍ തമ്മിലുള്ള പോരാട്ടം ദേശീയതലത്തില്‍ ബിജെപി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കും നിര്‍ണായകം. ശിവസേനയുടെയും എൻസിപിയുടെയും പിളര്‍പ്പിന് ശേഷം ഇരുപാര്‍ട്ടികളും നേരിടുന്ന വലിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.
മറാത്ത സംവരണ വിഷയം, സോയാബീൻ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവ തിരിച്ചടിയാകുമോ എന്നതാണ് മഹായുതിയുടെ ആശങ്ക. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടാക്കാൻ സാധിച്ച മുന്നേറ്റം ആവര്‍ത്തിക്കാനാകുമെന്നാണ് മഹാവികാസ് അഘാഡിയുടെ പ്രതീക്ഷ. കൂടാതെ, സംവരണ വിഷയത്തിലും കര്‍ഷക പ്രശ്‌നങ്ങളിലും ഉയര്‍ന്ന പ്രതിഷേധങ്ങളും വോട്ടായി മാറുമെന്നും സഖ്യം പ്രതീക്ഷയര്‍പ്പിക്കുന്നു.
ജാര്‍ഖണ്ഡില്‍ ഭരണത്തുടര്‍ച്ചയെന്നാണ് ജെഎംഎം അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ഭരണം നഷ്‌ടമായാല്‍ ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തിന് അത് വലിയ തിരിച്ചടിയാകും. സോറനെതിരായ അഴിമതി ആരോപണവും ജെഎംഎമ്മിലെ അന്തഛിദ്രവും തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
Also Read : മറാത്ത്‌വാഡയെ നയിക്കാന്‍ ആര്?; മുന്നണികളില്‍ ആശയക്കുഴപ്പമോ?, വോട്ടെണ്ണല്‍ നാളെ
Also Read : ജാര്‍ഖണ്ഡില്‍ സോറന്‍ V/S സോറന്‍; ആരാകും അടുത്ത മുഖ്യമന്ത്രി?