ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ വാതുവയ്‌പ്പ് കേസുമായി ബന്ധപ്പെട്ട് 387.99 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഡിസംബര്‍ 5നാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. മൗറീഷ്യസ് ആസ്ഥാനമായുള്ള ടാനോ ഇൻവെസ്റ്റ്‌മെൻ്റ് ഓപ്പർച്യുണിറ്റീസ് ഫണ്ടിന്‍റെ ജംഗമ നിക്ഷേപങ്ങളും ഛത്തീസ്‌ഗഡ്, മുംബൈ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്ഥാവര സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
വിവിധ വാതുവയ്‌പ്പ് ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും പ്രൊമോട്ടർമാർ, പാനൽ ഓപ്പറേറ്റർമാർ, അസോസിയേറ്റ്‌സ് എന്നിവരുടെ കൈവശമുളള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള അനധികൃത വാതുവയ്‌പ്പ് സുഗമമാക്കുന്ന ഒരു സിൻഡിക്കേറ്റായിട്ടാണ് മഹാദേവ് ഓൺലൈൻ വാതുവയ്‌പ്പ് ആപ്പ് പ്രവർത്തിക്കുന്നതെന്ന് ഇഡി കണ്ടെത്തി. ബിനാമി ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കൽ സാധ്യമാക്കിയിരുന്നത്.
ഇതുവരെയായി 2,295.61 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. 16.68 കോടി രൂപ വിലമതിക്കുന്ന വസ്‌തുക്കളും ബാങ്ക് ബാലൻസും സെക്യൂരിറ്റികളും ഉൾപ്പെടെ 1,729.17 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും 19.36 കോടി രൂപയുമാണ് ഇഡി കണ്ടുകെട്ടിയത്. കേസുമായി ബന്ധപ്പെട്ട് 11 വ്യക്തികളെ ഇഡി നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ വർഷം നവംബറിൽ മഹാദേവ് ബുക്ക് ഓൺലൈൻ വാതുവയ്‌പ്പ് ആപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ 5.39 കോടി രൂപയുടെ കളളപ്പണവും 15.59 കോടി രൂപ ബാങ്ക് ബാലൻസും ഇഡി കണ്ടുകെട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി നിരവധി ബോളിവുഡ് താരങ്ങളെയും ഇഡി ചോദ്യം ചെയ്‌തിരുന്നു. മഹാദേവ് ഓൺലൈൻ വാതുവയ്‌പ്പ് കേസുമായി ബന്ധപ്പെട്ട് പ്രധാന പ്രൊമോട്ടർമാരായ സൗരഭ് ചന്ദ്രാകർ, രവി ഉപ്പല്‍ എന്നിവർക്കെതിരെ ഇഡി കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു.