സിർസ (ഹരിയാന) : ഹരിയാനയിലെ സിർസയിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി അശോക് തൻവാറിന് നേരെ കര്‍ഷകര്‍. പ്രചാരണത്തിനിടെയാണ് കര്‍ഷകര്‍ അശോക് തൻവാറിനെതിരെ തിരിഞ്ഞത്. സിർസയിലെ ഘുകവാലി ഗ്രാമത്തിൽ പ്രചാരണത്തിനായി തൻവാർ എത്തിയപ്പോൾ കർഷകർ തടയുകയും ചെയ്‌തു.
അവരുടെ പ്രസ്ഥാനങ്ങളും ആവശ്യങ്ങളും വരെയുള്ള നിരവധി വിഷയങ്ങളിൽ ബിജെപി നേതാവിനോട് കർഷകർ ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ, പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാത്തതിൽ അതൃപ്‌തിയോടെ അവർ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. സംഭവത്തിന്‍റെ മുഴുവൻ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എംഎസ്‌പി ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ എന്തുകൊണ്ട് ഇതുവരെ തീരുമാനമെടുത്തില്ല എന്ന ചോദ്യങ്ങളുമായി കർഷകർ തൻവറിനെതിരെ ആഞ്ഞടിച്ചു. എന്തിനാണ് തങ്ങളെ വഞ്ചിക്കുന്നതെന്നും അവർ ബിജെപി നേതാവിനോട് ചോദിച്ചു. കർഷകരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിക്കാൻ തൻവർ പരമാവധി ശ്രമിച്ചു.
അക്രമത്തിലൂടെയല്ല ചർച്ചകളിലൂടെയാണ് പരിഹാരം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, കർഷക പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ജനക്കൂട്ടം അദ്ദേഹത്തോട് ചോദ്യമുയര്‍ത്തികൊണ്ടിരുന്നു. സ്ഥിതിഗതികൾ വഷളാകുന്നത് കണ്ട് തൻവർ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചതോടെ കർഷകർ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.
തൻവറിനോട് തങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് കർഷക നേതാക്കൾ പറയുന്നു. കർഷക സമരത്തിനിടെ തങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ഡൽഹിയിലേക്ക് പോകുന്നത് തടയുകയും ചെയ്‌തുവെന്ന് അവർ ആരോപിച്ചു. എന്നാൽ ബിജെപി നേതാവ് ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നാണ് പരാതി.
ഹരിയാന മുൻ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല ഹിസാറിലെ ഏതാനും ഗ്രാമങ്ങൾ സന്ദർശിച്ച് കർഷകരുടെ പ്രതിഷേധം നേരിട്ടതിന് ഒരാഴ്‌ചയ്ക്ക് ശേഷമാണ് സംഭവം. ചൗട്ടാലയെ കരിങ്കൊടി കാണിക്കുകയും ഗ്രാമങ്ങളിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്‌തിരുന്നു.