ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയം തള്ളി പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്‍റെ അഞ്ചാം ദിവസം രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നന്ദി പ്രമേയ ചര്‍ച്ചയിലേക്ക് കടന്നു. ഇതോടെ ലോക്‌സഭയില്‍ ബഹളം. തുടര്‍ന്ന് പന്ത്രണ്ട് വരെ സഭ നിര്‍ത്തി വച്ചു. വീണ്ടും സമ്മേളിച്ചപ്പോഴും പ്രക്ഷുബ്‌ധമായതോടെ തിങ്കളാഴ്‌ചവ രെ ലോക്‌സഭ നിര്‍ത്തി വയ്ക്കുന്നതായി സ്‌പീക്കര്‍ പ്രഖ്യാപിച്ചു. ഇനി ചൊവ്വാഴ്‌ച സമ്മേളിക്കും.
കോണ്‍ഗ്രസ് എംപിമാരായ സയീദ് നസീര്‍ ഹുസൈനും രഞ്ജിത് രഞ്ജനും വിഷയം സഭ നിര്‍ത്തി വച്ച് നീറ്റ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും നോട്ടീസ് നല്‍കി. നിരവധി അംഗങ്ങള്‍ ഇരുസഭയിലും വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ രാജ്യസഭയിലും ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം ബഹളവുമായി രംഗത്ത് എത്തി. ഇതോടെ രാജ്യസഭയും 12 മണി വരെ നിര്‍ത്തി വച്ചു.
നെറ്റും നീറ്റും ഏറ്റവും പുതിയ ചോദ്യപേപ്പര്‍ ചോര്‍ച്ചകളാണ്. കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ മത്സര പരീക്ഷകളിലടക്കം നിരവധി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് എക്‌സില്‍ കുറിച്ചു. 2.26 കോടി യുവാക്കളെയാണ് ഈ ചോദ്യപേപ്പര്‍ ചോര്‍ച്ച ബാധിച്ചിരിക്കുന്നത്. മോദി സര്‍ക്കാരിന്‍റെ കാര്യക്ഷമതയില്ലായ്‌മയാണ് ഇത് കാട്ടുന്നത്. അതേസമയം സര്‍ക്കാരിന്‍റെ അഴിമതിയും ഇത് വെളിവാക്കുന്നു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പരീക്ഷ നടത്തിപ്പ് ഏജന്‍സി നിരവധി പരീക്ഷ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ആരോപണമുയര്‍ത്തി. ഉത്തര്‍ പ്രദേശ് പൊലീസ് കോണ്‍സ്‌റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ അടക്കം ചോര്‍ന്നു. 48 ലക്ഷം അപേക്ഷകരെയാണ് ഇത് ബാധിച്ചത്. ഏജന്‍സിക്ക് മോദി സര്‍ക്കാരിന്‍റെയും ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെയും പിന്തുണ ലഭിക്കുന്നുവെന്നും ജയറാം രമേഷ് ആരോപിച്ചു.
ഉത്തര്‍ പ്രദേശ് ബിഹാര്‍ സര്‍ക്കാരുകള്‍ ഈ ഏജന്‍സിയെ കരിംപട്ടികയില്‍ പെടുത്തിയിരുന്നു. എന്നാല്‍ 2023 ഒക്‌ടോബറില്‍ പോലും മോദി സര്‍ക്കാര്‍ ഇവര്‍ക്ക് പരീക്ഷ നടത്താന്‍ കരാര്‍ നല്‍കി. 80 കോടി രൂപയുടെ കരാറാണ് നല്‍കിയത്. കാരണം ഏജന്‍സി നടത്തിപ്പുകാരനില്‍ നിന്ന് ബിജെപിയ്ക്ക് രാഷ്‌ട്രീയ-പ്രത്യയശാസ്‌ത്ര പിന്തുണ കിട്ടുന്നുവെന്നും ജയറാം രമേഷ് ആരോപിച്ചു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ ക്രമക്കേടുകളും സഭ തുടങ്ങിയപ്പോള്‍ത്തന്നെ ഉന്നയിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിരുന്നു. എന്നാല്‍ രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം ചര്‍ച്ച ചെയ്യുമ്പോള്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് സ്‌പീക്കര്‍ നിര്‍ദേശിച്ചു. എന്നാല്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും ആശങ്ക അകറ്റാന്‍ ഭരണ പക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് വ്യക്തമായ സന്ദേശം നല്‍കേണ്ട സമയമാണെന്നും മറ്റ് നടപടികള്‍ മാറ്റിവെച്ച് ഈ വിഷയം ചര്‍ച്ചക്കെടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എന്നാല്‍ സ്‌പീക്കര്‍ മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു.
Also Read: ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണു; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക് -