ഝബുവ (മധ്യപ്രദേശ്): വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി എളുപ്പത്തിൽ 370 സീറ്റുകൾ മാറികടക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Lotus Will Definitely Cross 370-Mark In Lok Sabha Polls). കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ ഇത്തവണ ഓരോ ബൂത്തിലും 370 വോട്ടുകൾ അധികമായി പോൾ ചെയ്യണമെന്ന് വോട്ടർമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. 543 ലോക്‌സഭാ സീറ്റുകളിൽ 370 സീറ്റുകളും ബിജെപി നേടും.
ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന് ഇത്തവണ 400ൽ അധികം സീറ്റുകൾ നേടാനാകുമെന്ന് പാർലമെൻ്റിലെ പ്രതിപക്ഷ നേതാക്കൾക്കിടയിൽ പോലും സംസാരമുണ്ട്. മധ്യപ്രദേശിലെ ഝബുവ ജില്ലയിൽ ആദിവാസി സമുദായാംഗങ്ങളുടെ പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ബിജെപിയുടെ താമര ചിഹ്നം ഇത്തവണ ഒറ്റയ്ക്ക് 370 കടക്കുമെന്ന് തനിക്ക് ഉറപ്പാണ്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിന്‍റെ ഭാഗമായല്ല താൻ ഝബുവയിൽ വന്നത്. ഒരു സേവകൻ എന്ന നിലയിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ തങ്ങൾക്ക് നൽകിയ വലിയ പിന്തുണയിൽ നന്ദി പറയുന്നു. എംപി, രാജസ്ഥാൻ, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുനെന്നും നരേന്ദ്ര മോദി പറഞ്ഞു.
മധ്യപ്രദേശിലെ 'ഇരട്ട എഞ്ചിൻ' സർക്കാറിന്‍റെ പ്രവർത്തനങ്ങൾ ഇരട്ട വേഗത്തിലാണെന്ന് യോഗത്തെ അഭിസംബോധന ചെയ്യുന്നതിനുമുമ്പ് അദ്ദേഹം തുടക്കമിട്ട 7,550 കോടിയുടെ വികസന പദ്ധതികളെ പരാമർശിച്ചുകൊണ്ട് പറഞ്ഞു. ഗ്രാമങ്ങളെയും ദരിദ്രരെയും കർഷകരെയും ആദിവാസികളെയും കോൺഗ്രസ് ഓർക്കുന്നത് തിരഞ്ഞെടുപ്പ് വേളയിൽ മാത്രമാണെന്ന് പ്രതിപക്ഷത്തെ ഉന്നം വച്ച് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
തങ്ങളുടെ അടുത്തെത്തിയ തോൽവിയെ കുറിച്ച് ബോധവാന്മാരായ കോൺഗ്രസും സഖ്യകക്ഷികളും അവരുടെ അവസാന തന്ത്രങ്ങൾ മെനയുകയാണ്. കോൺഗ്രസിൻ്റെ മുദ്രാവാക്യം തന്നെ കൊള്ളയടിക്കുക, ഭിന്നിപ്പിക്കുക എന്നതാണ്. സിക്കിൾ സെൽ അനീമിയയ്‌ക്കെതിരായ ഞങ്ങളുടെ പ്രചാരണം വോട്ടിനു വേണ്ടി ആരംഭിച്ചതല്ല. മറിച്ച് ആദിവാസികളുടെ ആരോഗ്യത്തിനായാണെന്നും പ്രധാനമന്ത്രി കൂട്ടി ചേർത്തു. കഴിഞ്ഞ വർഷമാണ് അരിവാൾ കോശ രോഗത്തെ നേരിടാൻ ദേശീയ സിക്കിൾ സെൽ അനീമിയ നിർമ്മാർജ്ജന മിഷൻ 2047 കേന്ദ്രം ആരംഭിച്ചത്. ആദിവാസി ജനസംഖ്യയിൽ ഉയർത്തുന്ന ആരോഗ്യപരമായ വെല്ലുവിളികൾ നേരിടാൻ കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് മിഷൻ പ്രവർത്തിക്കുന്നത്.
ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തനങ്ങളും തന്‍റെ സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് വേളകളിൽ മാത്രമാണ് കോൺഗ്രസ് ഗ്രാമങ്ങളെയും ദരിദ്രരെയും കർഷകരെയും ഓർക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ട് ഈ വർഷം ആദ്യമായാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് സന്ദർശനം നടത്തിയത്.