ബെംഗളൂരു : ലൈംഗിക വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ജെഡിഎസ് നേതാവും ഹാസൻ എംപിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ അറസ്‌റ്റ് ചെയ്യേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ പ്രജ്വല്‍ രേവണ്ണ കൂടുതൽ സമയം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. ബെംഗളൂരുവില്‍ ഇല്ലാത്തതിനാൽ ഹാജരാകാന്‍ ഏഴ് ദിവസത്തെ സാവകാശം വേണമെന്നായിരുന്നു രേവണ്ണയുടെ ആവശ്യം.
അതേസമയം, പ്രജ്വല്‍ രേവണ്ണയ്ക്ക് നൽകിയ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കി അദ്ദേഹം നിയമത്തിന് മുന്നിൽ തിരിച്ചെത്തുന്നത് ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തയച്ചു.
മുൻ വീട്ടുജോലിക്കാരിയുടെ പരാതിയില്‍ ഏപ്രിൽ 28 നാണ് രേവണ്ണയ്‌ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തത്. ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, സ്‌ത്രീയുടെ അന്തസിന് ഭംഗം വരുത്തല്‍ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രജ്വല്‍ രേവണ്ണയും പിതാവ് എച്ച്‌ഡി രേവണ്ണയും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എന്തും നേരിടാൻ താൻ തയ്യാറാണ് എന്നാണ് എച്ച്ഡി രേവണ്ണ പ്രതികരിച്ചത്. വിഷയം കര്‍ണാടക രാഷ്‌ട്രീയത്തില്‍ വലിയ കോലാഹലമുണ്ടാക്കിയതിന് പിന്നാലെ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്ന് ജെഡി(എസ്) സസ്‌പെൻഡ് ചെയ്‌തിരുന്നു.