ന്യൂഡൽഹി: കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം മാർച്ച് 7ന് ചേരും. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ഒരു ഡസനോളം സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം ലോക്‌സഭാ സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഡൽഹി, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, കേരളം, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെയും സ്ക്രീനിംഗ് കമ്മിറ്റികൾ സാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ കഴിഞ്ഞ ആഴ്‌ചകളിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്‌തിരുന്നു. കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം അവ പരിശോധിച്ച് അംഗീകരിക്കും.
ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും മുൻ ഡെപ്യൂട്ടി ടി.എസ്. സിംഗ് ദിയോയും യഥാക്രമം രാജ്‌നന്ദ്ഗാവ്, ബിലാസ്‌പൂർ സീറ്റുകളിൽ നിന്ന് മത്സരിക്കുമെന്ന് പാർട്ടി വൃത്തങ്ങള്‍ പറയുന്നു. റായ്‌പൂരിൽ നിന്നും ശിവ് ദഹാരിയയും, ചമ്പയിൽ നിന്നും ജഞ്ച്ഗിറുവും മത്സരിക്കും (Congress To Clear 100 LS Candidates From Dozen States On March 7).
രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് ദേശീയ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമില്ലെങ്കിലും ജലോർ-സിരോഹി സീറ്റിൽ നിന്ന് മകൻ വൈഭവ് ഗെഹ്‌ലോട്ടിന് ടിക്കറ്റ് വേണം. ദേശീയ സഖ്യ സമിതി അംഗമായ ഗെഹ്‌ലോട്ട്, സംസ്ഥാന ഘടകം മേധാവി ഗോവിന്ദ് ദോത്താസാരയ്‌ക്കൊപ്പം വരുന്ന തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ പ്രചരണത്തില്‍ സജീവമായിട്ടുണ്ട്.
കോട്ടയിൽ നിന്ന് മുൻ മന്ത്രി അശോക് ചന്ദ്‌ന, ഭിൽവാരയിൽ നിന്ന് എഐസിസി സെക്രട്ടറി ധീരജ് ഗുർജാർ, അജ്‌മീറിൽ നിന്നുള്ള മുൻ എംപി രഘു ശർമ എന്നിവരും മത്സരിച്ചേക്കാവുന്ന മറ്റ് മുതിർന്ന നേതാക്കളിൽ ഉൾപ്പെടുന്നു.
പാർട്ടി ഭരിക്കുന്ന കർണാടകയിൽ ശ്രേയ പട്ടേൽ, രക്ഷ രാമയ്യ, ജിബി വിനയ് കുമാർ, പ്രിയങ്ക ജാർകിയോലി, മൃണാൽ ഹെബ്ബാൾക്കർ, സൗമ്യ റെഡ്ഡി എന്നിവരുൾപ്പെടെ നിരവധി യുവമുഖങ്ങളുടെ പേരുകൾ സ്ക്രീനിംഗ് പാനൽ നിർദ്ദേശിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ 28 സീറ്റുകളിൽ കോൺഗ്രസ് തൂത്തുവാരുമെന്ന് ഉറപ്പാക്കേണ്ടതിനാൽ തന്നെ മുഖ്യമന്ത്രി സിദ്ധരാമയ്യയും, ഡികെ ശിവകുമാറും സ്ഥാനാര്‍ഥി നിര്‍ണയത്തിനായി വിപുലമായ സെഷനുകൾ നടത്തിക്കഴിഞ്ഞു.
കേരളത്തിൽ കോൺഗ്രസിന്‍റെ സിറ്റിംഗ് എംപിമാരിൽ ഭൂരിഭാഗം പേരും ആവർത്തിക്കാൻ സാധ്യതയുണ്ട്, എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ ആവർത്തിക്കുമോ തെലങ്കാനയിലേക്ക് മാറുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. തെലങ്കാനയില്‍ 17 പേരെയും വിജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഹൈക്കമാൻഡിന് ഉറപ്പ് നൽകിയിട്ടുണ്ട്.
ഡൽഹിയിൽ എഎപിയുമായുള്ള ധാരണയുടെ ഭാഗമായി ലഭിച്ച മൂന്ന് സീറ്റുകളിൽ മുതിർന്ന നേതാവ് ജെപി അഗർവാൾ, ഉദിത് രാജ്, അൽക്ക ലാംബ, സന്ദീപ് ദീക്ഷിത്, അരവിന്ദർ ലൗവി അല്ലെങ്കിൽ ജയ് കിഷൻ എന്നിവരെ പാർട്ടി മത്സരിപ്പിച്ചേക്കും.
ഹരിയാനയിൽ അംബാലയിൽ നിന്ന് കുമാരി സെൽജ, സിർസയിൽ നിന്ന് ഗീത ഭുക്കൽ, റോഹ്തക്കിൽ നിന്ന് ദീപേന്ദർ ഹൂഡ, സോനിപത്തിൽ നിന്ന് കേണൽ രോഹിത് ചൗധരി, ഗുഡ്ഗാവിൽ നിന്ന് ജിതേന്ദ്ര ഭരദ്വാജ്, ഫരീദാബാദിൽ നിന്ന് കരൺ ദലാൽ എന്നിവർക്ക് പാർട്ടി ടിക്കറ്റ് നൽകിയേക്കുമെന്നാണ് സൂചന. ധാരണ പ്രകാരം കുരുക്ഷേത്ര സീറ്റ് എഎപിക്ക് നൽകിയിട്ടുണ്ട്.
യുവത്വത്തിന്‍റെയും അനുഭവപരിചയത്തിന്‍റെയും മാനദണ്ഡപ്രകാരമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയിട്ടുള്ളതെന്ന് ഡൽഹിയുടെയും ഹരിയാനയുടെയും ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബരിയ ഇടിവി ഭാരതിനോട് പറഞ്ഞു. ഹരിയാനയിലെ ജാതി പ്രാതിനിധ്യം സ്ഥാനാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിലും ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഇതൊരു നിർണായക തിരഞ്ഞെടുപ്പാണ്, ഞങ്ങൾക്ക് മികച്ച സ്ഥാനാർത്ഥികളെ ആവശ്യമുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാർച്ച് ആദ്യവാരം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായിരുന്നു കോൺഗ്രസ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയും, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ സീറ്റ് പങ്കിടൽ കരാറുകളും തീർപ്പ് കൽപ്പിക്കാത്തതിനാൽ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുകയായിരുന്നു.