വയനാട് : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനായി വയനാട്ടിലെത്തി. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വാദ്രയോടൊപ്പമാണ് രാഹുല്‍ എത്തിയത്. വയനാട്ടില്‍ രണ്ടാം തവണയാണ് രാഹുല്‍ മത്സരത്തിനിറങ്ങുന്നത്.
രാവിലെ പതിനൊന്നോടെയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ മേപ്പാടിയിലെത്തിയത്. ഹെലികോപ്റ്ററില്‍ എത്തിയ രാഹുല്‍ മേപ്പാടിയില്‍ ഇറങ്ങിയ ശേഷം കാത്തു നിന്ന തോട്ടം തൊഴിലാളികളെ അഭിവാദ്യം ചെയ്‌തു.
മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലി കുട്ടിയും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയുമുൾപ്പെടെയുള്ള നേതാക്കള്‍ രാഹുൽ ഗാന്ധിയോടിയൊപ്പം വയനാട്ടിൽ എത്തി. ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നിന്നുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ രാഹുലിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
മേപ്പാടിയില്‍ നിന്ന് പ്രത്യേക വാഹനത്തില്‍ കല്‍പ്പറ്റയിലേക്ക് പോയ ശേഷം കല്‍പ്പറ്റ നഗരത്തില്‍ റോഡ് ഷോ ആരംഭിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ തവണ പത്രിക സമർപ്പിക്കാനെത്തിയ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ ലീഗിന്‍റെ പതാകകൾ കൊണ്ട് നിറഞ്ഞിരുന്നെങ്കിലും ഇത്തവണയത് കാണാനേ ഇല്ല.
വി ഡി സതീശന്‍, ടി സിദ്ദിഖ് , എം എം ഹസന്‍,തുടങ്ങി കോണ്‍ഗ്രസ് നേതാക്കളും ലീഗ് നേതാക്കളും രാഹുലിനെ സ്വീകരിക്കാനെത്തിയിരുന്നു. റോഡ് ഷോയ്ക്ക് ശേഷം 12 മണിയോടെ കലക്‌ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
രാഹുലിന്‍റെ വരവോടെ വയനാട്ടിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവും സജീവമായി. സ്ഥാനാര്‍ഥി എത്താന്‍ വേണ്ടി കാത്തു നിന്ന നേതാക്കളും പ്രവര്‍ത്തകരും രാഹുലിന്‍റെ വരവോടെ ആവേശഭരിതരായി പ്രചാരണത്തിനിറങ്ങി.