ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ഒൻപത് സംസ്ഥാനങ്ങളിലും ജമ്മു കശ്‌മീരിലുമായി 96 സീറ്റുകളിലേക്കാണ് നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ്. മത്സര രംഗത്തുള്ളത് 1717 സ്ഥാനാർഥികൾ. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രയിൽ നിയമസഭ തെരഞ്ഞെടുപ്പും ഇതിനൊപ്പമാണ് നടക്കുക. ഉത്തർപ്രദേശിൽ 13, മഹാരാഷ്‌ട്രയിൽ 11, മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ എട്ടു മണ്ഡലങ്ങൾ വീതവും ബീഹാറിൽ അഞ്ചും, ജാർഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലും നാലാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ കനൗജിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. അധിർ രഞ്ജൻ ചൗധരി, യൂസഫ് പഠാൻ, മഹുവ മൊയ്‌ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.