ന്യൂഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടിങ് അവസാനിച്ചപ്പോള്‍ രാജ്യത്തൊട്ടാകെ വോട്ട് രേഖപ്പെടുത്തിയത് 60 ശതമാനം പോളിങ്. 7 മണിയോടെ പോളിങ് പൂര്‍ത്തിയായപ്പോള്‍ 60.03 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നാണ് ഔദ്യോഗിക കണക്ക്.
ബിഹാറിലെ നാല് സീറ്റുകളില്‍ 48.23 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019 ലെ തെരഞ്ഞെടുപ്പിനേക്കാൾ 5 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ജാമുയിയിൽ 50 ശതമാനം, നവാഡയിൽ 41.5 ശതമാനം, ഗയയിൽ 52 ശതമാനം, ഔറംഗബാദിൽ 50 ശതമാനം എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്.
ജമ്മു കാശ്‌മീരില്‍ 62.25 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജമ്മു കാശ്‌മീരിലെ ഉദ്ദംപൂര്‍ മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മണ്ഡലത്തില്‍ ഇന്ന് കനത്ത മഴയും അനുഭവപ്പെട്ടിരുന്നു.
പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലത്തില്‍ 79.33 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 556 പരാതികളാണ് പശ്ചിമ ബംഗാളില്‍ നിന്നും ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
നാഷണൽ ഗ്രീവൻസ് അഡ്രസിങ് സിസ്‌റ്റത്തിൽ 371 പരാതികൾ ഫയൽ ചെയ്‌തിട്ടുണ്ട്. ഇതിൽ 169 പരാതികൾ കൂച്ച് ബിഹാറിലും 99 പരാതികൾ അലിപുർദുവാറിലും 103 പരാതികൾ ജൽപായ്‌ഗുരിയിലുമാണ്. 356 പരാതികള്‍ പരിഹരിച്ചതായും കമ്മിഷൻ അറിയിച്ചു. സി-വിജിൽ ആപ്പിൽ 103 പരാതികൾ ഫയൽ ചെയ്‌തിട്ടുണ്ട്, ഇതിൽ 26 എണ്ണം കൂച്ച് ബിഹാറിലും 59 എണ്ണം അലിപുർദുവാറിലും 18 എണ്ണം ജൽപായ്‌ഗുരിയിലുമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
82 പരാതികൾ സിഎംഎസിൽ ഫയൽ ചെയ്‌തിട്ടുണ്ട്, അതിൽ 74 എണ്ണം കൂച്ച് ബെഹാര്‍, 4 പരാതികൾ അലിപുർദുവ, 4 പാരാതികള്‍ ജൽപായ്‌ഗുരിയില്‍ നിന്നുമാണ് ലഭിച്ചിച്ചിരിക്കുന്നത്.
രാജസ്ഥാനിലെ 12 സീറ്റുകളിൽ നടന്ന തെരഞ്ഞെടുപ്പില്‍5 0% മാത്രമാണ് പോളിങ് നടന്നത്. ജുൻജുനുവിലെ പിലാനിയിലെ ബനഗോത്തടി ഗ്രാമത്തിൽ ഒരു വോട്ട് പോലും രേഖപ്പെടുത്തിയില്ല. കുടിവെള്ളം സംബന്ധിച്ച പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ ഗ്രാമവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ത്രിപുരയില്‍ 79.7 ശതമാനം പോളിങ് നടന്നു. ത്രിപുരയില്‍ തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യത്തിന്‍റെ നേതാക്കള്‍ തെരഞ്ഞെടുപ്പ് ഓഫീസറെ സമീപിച്ചിരുന്നു. മുഴുവന്‍ സീറ്റിലേക്കും (39) തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിൽ 72.9 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കനത്ത ചൂടില്‍ തമിഴ്‌നാട്ടില്‍ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
Also Read :