ഗുണ്ടൂര്‍ (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി (തെലുങ്ക് ദേശം പാർട്ടി ) അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തേണ്ടതും അതുവഴി ശോഭനമായ ഭാവി ഉറപ്പാക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പ്രതികരിച്ചു. "എൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഇത്രയും വലിയ ജനക്കൂട്ടത്തെ ഞാൻ കണ്ടിട്ടില്ല.
അമേരിക്ക, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് വരെ വോട്ട് രേഖപ്പെടുത്താൻ ആളുകൾ വന്നിട്ടുണ്ട്. ജനാധിപത്യവും തങ്ങളുടെ ഭാവിയും സംരക്ഷിക്കാന്‍ ജനങ്ങൾ ആഗ്രഹിക്കുന്നു" - ചന്ദ്രബാബു നായിഡു പറഞ്ഞു.
പാർട്ടി എത്ര സീറ്റുകൾ നേടുമെന്ന് ചോദിച്ചപ്പോൾ, അത്തരം കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കേണ്ടതില്ലെന്നും എല്ലാവരും തങ്ങളുടെ വോട്ട് അവകാശം വിനിയോഗിക്കുകയാണ് വേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
"എല്ലാവരും അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ ഞാൻ അഭ്യർഥിക്കുന്നു. വിദേശത്ത് നിന്ന് ആളുകൾ സ്വന്തം ചെലവിൽ വോട്ട് ചെയ്യാന്‍ എത്തി. എല്ലാവരോടും ഞാൻ നന്ദി പറയുന്നു..." അദ്ദേഹം പറഞ്ഞു.
അതേസമയം ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും അടക്കം 96 പാർലമെൻ്റ് മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആന്ധ്രയിലെ 175 നിയമസഭ സീറ്റുകളിലേക്കും ഒഡീഷയിലെ 28 സംസ്ഥാന സീറ്റുകളിലേക്കുമുളള തെരഞ്ഞെടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്നുണ്ട്.
96 ലോക്‌സഭ സീറ്റുകളിൽ 25 എണ്ണം ആന്ധ്രാപ്രദേശിൽ നിന്നും 17 എണ്ണം തെലങ്കാനയിൽ നിന്നും 13 എണ്ണം ഉത്തർപ്രദേശിൽ നിന്നും 11 എണ്ണം മഹാരാഷ്ട്രയിൽ നിന്നും എട്ട് എണ്ണം മധ്യ പ്രദേശ്, പശ്ചിമ ബംഗാൾ എന്നിവടങ്ങളില്‍ നിന്നും, അഞ്ച് എണ്ണം ബീഹാറില്‍ നിന്നും നാല് എണ്ണം ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നും , ഒരെണ്ണം ജമ്മു കശ്‌മീരിൽ നിന്നുമാണ്.
96 ലോക്‌സഭ മണ്ഡലങ്ങളില്‍ നിന്നായി ആകെ 4,264 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചിരിക്കുന്നത്. എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി, ടിഎംസി നേതാവ് മഹുവ മൊയ്ത്ര, ബിജെപി നേതാവ് ഗിരിരാജ് സിംഗ്, ജെഡിയുവിൻ്റെ രാജീവ് രഞ്ജൻ സിംഗ് (ലാലൻ സിംഗ്), ടിഎംസി നേതാക്കളായ ശത്രുഘ്നൻ സിൻഹ, യൂസഫ് പത്താൻ, ബിജെപി നേതാക്കളായ അർജുൻ മുണ്ട, മാധവി ലത, ആന്ധ്രാപ്രദേശ് കോൺഗ്രസ് മേധാവി വൈഎസ് ശർമിള എന്നിവര്‍ ഇന്നിവരാണ് ഇന്ന് ജനവിധി തേടുന്നതില്‍ പ്രമുഖര്‍.
ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടം വരെയുളള പോളിംഗ് സുഗമമായും സമാധാനപരമായും അവസാനിച്ചിരുന്നു. 283 ലോക്‌സഭ സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പാണ് ഇതുവരെ നടന്നത്.