ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. പെരുമാറ്റച്ചട്ട ലംഘന പരാതിയിലാണ് നടപടി. ഇരു നേതാക്കളും ഏപ്രില്‍ 29ന് രാവിലെ 11മണിക്കകം വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. മതം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിദ്വേഷവും വിഭജനവും ഉണ്ടാക്കുന്നു എന്ന് കോണ്‍ഗ്രസും ബിജെപിയും പരസ്‌പരം ആരോപണം ഉന്നയിച്ചിരുന്നു.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെയാണ് മോദിയ്‌ക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ബന്‍സ്വാരയില്‍ കഴിഞ്ഞ ദിവസം പ്രചാരണം നടത്തുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വര്‍ഗീയ പ്രസംഗം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് മുസ്‌ലിങ്ങള്‍ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു വിവാദ പരാമര്‍ശം.
'കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നല്‍കും. അതിന് നിങ്ങള്‍ തയ്യാറാണോ' - മോദി ചോദിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ 10 വര്‍ഷം മുന്‍പത്തെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിക്കും വിധം ഉപയോഗിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവരുടെ സ്ഥാനം പരിഗണിക്കാതെ അയോഗ്യരാക്കണം എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആവശ്യം.
ജനപ്രാതിനിധ്യ നിയമത്തിന്‍റെ 77-ാം വകുപ്പ് പ്രയോഗിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുത്തത്. താര പ്രചാരകരുടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്‍റെ ഉത്തരവാദിത്തം പാര്‍ട്ടി അധ്യക്ഷന്‍മാരും ഏറ്റെടുക്കേണ്ടി വരുമെന്ന് കമ്മിഷന്‍ താക്കീത് ചെയ്‌തു. ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന നേതാക്കളുടെ പ്രചാരണ പ്രസംഗങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
രാജ്യത്ത് ദാരിദ്ര്യം വര്‍ധിക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തെറ്റായ അവകാശവാദം ഉന്നയിക്കുന്നു എന്നാരോപിച്ച് ബിജെപി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ബിജെപി ആവശ്യപ്പെടുകയും ചെയ്‌തു. തെരഞ്ഞെടുപ്പിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഭാഷയുടെയും പ്രദേശത്തിന്‍റെയും അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധി രാജ്യത്ത് തെക്ക്-വടക്ക് എന്ന വിഭജനം സൃഷ്‌ടിക്കുകയാണ് എന്നും ബിജെപി ആരോപിച്ചിരുന്നു.