ഹൈദരാബാദ് : സംസ്ഥാനത്ത് ഉഷ്‌ണതരംഗം കടുക്കുന്ന സാഹചര്യത്തില്‍ ലോക്‌സഭ തെരഞ്ഞടുപ്പില്‍ വോട്ടെടുപ്പിനുള്ള സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പുതിയ പോളിങ് സമയം. സംസ്ഥാനത്തെ പതിനേഴ് ലോക്‌സഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് 13ന് നടക്കുന്ന ഏഴാംഘട്ടത്തിലാണ്.
നീട്ടിയ സമയം പന്ത്രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലെ എല്ലാ നിയമസഭ മണ്ഡലങ്ങള്‍ക്കും ബാധകമാണ്. ബാക്കിയുള്ള അഞ്ച് ലോക്‌സഭ മണ്ഡലങ്ങളില്‍ ചില നിയമസഭ മണ്ഡലങ്ങള്‍ക്കും ബാധകമായിരിക്കും. കരിംനഗര്‍, നിസാമാബാദ്, സഹിറാബാദ്, മേദക്, മല്‍കാജ്‌ഗിരി, സെക്കന്തരാബാദ്, ഹൈദരാബാദ്, ചെവെല്ല, മെഹബൂബ് നഗര്‍, നാഗര്‍കര്‍ണൂല്‍ (എസ്‌സി), നാല്‍ഗൊണ്ട, ബോന്‍ഗിര്‍ ലോക്‌സഭ മണ്ഡലങ്ങളിലാകും രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെ പോളിങ് നടക്കുക.
അദിലബാദ് ലോക്‌സഭ മണ്ഡലത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും പെദ്ധപ്പള്ളി സീറ്റിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലും വാറങ്കലിലെ ആറ് നിയമസഭ മണ്ഡലങ്ങളിലും മെഹബൂബാബാദിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലും ഖമ്മം ലോക്‌സഭ മണ്ഡലങ്ങളിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും പുതുക്കിയ സമയം അനുസരിച്ചാകും വോട്ടെടുപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പുതിയ വിജ്ഞാപനത്തില്‍ പറയുന്നു.
Also Red: കെസിആറിന് 48 മണിക്കൂര്‍ പ്രചാരണ വിലക്ക്; നടപടി കോണ്‍ഗ്രസിനെതിരെയുള്ള പരാമര്‍ശങ്ങളെ തുടര്‍ന്ന്
തെലങ്കാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ അഭ്യര്‍ഥന പ്രകാരമാണ് സമയക്രമത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റം വരുത്തിയിരിക്കുന്നത്. വിവിധ രാഷ്‌ട്രീയ കക്ഷികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും സംസ്ഥാനത്തെ താപനില സംബന്ധിച്ച ആശങ്ക ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് ഓഫിസര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. താപനില ഉയരുന്നത് വോട്ടര്‍മാരുടെ പങ്കാളിത്തം കുറയാന്‍ ഇടയാക്കുമെന്ന ആശങ്കയും രാഷ്‌ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും പങ്കുവച്ചു.