ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ പ്രതിയായ സുകേഷ് ചന്ദ്രശേഖർ നൽകിയ പരാതിയില്‍ ആംആദ്‌മി മുൻ മന്ത്രി സത്യേന്ദർ ജെയിനിനെതിരെ സിബിഐ അന്വേഷണത്തിന് അനുമതി. ഡൽഹി ലെഫ്റ്റണന്‍റ് ഗവര്‍ണര്‍ (എല്‍ജി) വി കെ സക്‌സേനയാണ് അന്വേഷണത്തിന് അനുമതി നൽകിയത്. സംരക്ഷണ ചെലവായി ചന്ദ്രശേഖറിൽ നിന്ന് 10 കോടി രൂപ സത്യേന്ദര്‍ ജയില്‍ തട്ടിയെടുത്തതായാണ് പരാതി. എന്നാല്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ബി.ജെ.പി ഭയക്കുന്നതു കൊണ്ടാണ് പാർട്ടിയെയും നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നാണ് ആം ആദ്‌മി പാർട്ടിയുടെ ആരോപണം.
ഒരു വ്യവസായിയിൽ നിന്ന് 200 കോടി രൂപ തട്ടിയെടുത്തതായി ആരോപിക്കപ്പെടുന്ന ഒരാളുടെ പരാതി ഏറ്റെടുത്ത് സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണത്തിന് ലെഫ്റ്റണന്‍റ് ഗവര്‍ണര്‍ അനുമതി നൽകിയത് കടന്ന കൈ ആയെന്ന് എഎപി നേതാവ് സോമനാഥ് ഭാരതി പറഞ്ഞു. തിഹാർ ജയിലിലെ മുൻ ഡയറക്‌ടർ ജനറലും കേസിൽ പ്രതിയാണെന്ന് രാജ് നിവാസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹിയിലെ ജയിലുകളിൽ സമാധാനമായും സുഖമായും ജീവിക്കാൻ അനുവദിക്കുന്നതിനായി 2018 മുതല്‍ 21 വരെയുള്ള കാലയളവിൽ മന്ത്രി തന്നിൽ നിന്ന് 10 കോടി രൂപ കൈപ്പറ്റിയെന്നാണ് ചന്ദ്രശേഖറിന്‍റെ ആരോപണം. മന്ത്രിക്കും ജയിൽ ഡിജിക്കും വേണ്ടി പണം തട്ടിയതിന്, അന്നത്തെ തിഹാർ ജയിൽ സൂപ്രണ്ടായിരുന്ന രാജ് കുമാറിനെതിരെയും സിബിഐ അന്വേഷണത്തിന് എൽജി അനുമതി നൽകിയതായും രാജ് നിവാസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2019-22 കാലയളവിൽ മൂന്ന് ഉന്നത ജയിൽ ഉദ്യോഗസ്ഥർ വിവിധ ഘട്ടങ്ങളിലായി 12.50 കോടി രൂപ തട്ടിയെടുത്തതായും ചന്ദ്രശേഖർ ആരോപിച്ചിരുന്നു.
കെജ്‌രിവാൾ സർക്കാരിലെ മുൻ ആഭ്യന്തര മന്ത്രിയായിരുന്ന ജെയിനിനെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2022 മേയിലാണ് ഇഡി അറസ്റ്റ് ചെയ്‌തത്.നിലവില്‍ തിഹാർ ജയിലില്‍ തടവില്‍ കഴിയുകയാണ് ജെയിന്‍. സിബിഐ അന്വേഷണത്തിന് അനുമതി നൽകിയതിന് പുറമെ, ആവശ്യമായ നടപടികൾ സ്വീകരിക്കാന്‍ വിഷയം ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.
ഡൽഹി ജയിൽ മാനുവൽ പ്രകാരം സർക്കാർ എന്നാൽ ഡൽഹിയിലെ എൽജിയാണെന്നും അതിനാൽ, ജയിലില്‍ വെച്ച് 10 കോടി രൂപ തട്ടിയെടുത്തുവെന്ന ആരോപണത്തിന് എൽജി ഉത്തരം നൽകണമെന്നും സോമനാഥ് ഭാരതി പറഞ്ഞു. എൽജി സക്‌സേന ഉത്തരവിട്ട സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നാണ് ഡൽഹിയിലെ ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂർ പ്രതികരിച്ചത്. അന്വേഷണം ആം ആദ്‌മി പാർട്ടിയുടെ നീച മുഖം തുറന്നു കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.