മുംബൈ : ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ വസതിക്ക് നേരെ നടന്ന വെടിവയ്‌പ്പ് കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് മൂന്ന് പുതിയ വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഐപിസി 506(2) പ്രകാരമുള്ള ഭീഷണിപ്പെടുത്തല്‍, 115 പ്രകാരമുള്ള കുറ്റകൃത്യത്തിന് പ്രേരിപ്പിക്കല്‍, 201 പ്രകാരമുള്ള തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവയാണ് പുതിയതായി കൂട്ടിച്ചേര്‍ത്തത്.
കേസുമായി ബന്ധപ്പെട്ട് ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്ണോയിയേയും അദ്ദേഹത്തിന്‍റെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയിയേയും തേടുന്ന കുറ്റവാളികളായി പ്രഖ്യാപിച്ചെന്നും മുംബൈ ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ജയിലില്‍ കഴിയുന്ന ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണ് അന്‍മോള്‍ ബിഷ്‌ണോയ്. സല്‍മാന്‍ ഖാന്‍റെ വസതിക്ക് നേരെ നടന്ന വെടിവയ്‌പ്പിന്‍റെ ഉത്തരവാദിത്തം ഇയാള്‍ ഏറ്റെടുത്തിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇയാള്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
ചൊവ്വാഴ്‌ച കച്ച് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്‌ത് മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി. പിന്നീട് സിറ്റി കോടതി രണ്ട് പ്രതികളെയും മുംബൈ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയില്‍ ഈ മാസം 25 വരെ വിട്ടു കൊടുത്തു. ബിഹാറില്‍ നിന്നുള്ള വിക്കി ഗുപ്‌ത(24) സാഗര്‍പാല്‍(21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
Also Read:സല്‍മാൻ ഖാന്‍റെ വീട്ടില്‍ നിന്നും ലോറൻസ് ബിഷ്‌ണോയിയുടെ പേരില്‍ ക്യാബ് ബുക്കിങ്; മുംബൈയില്‍ 20കാരൻ പിടിയില്‍
സല്‍മാന്‍ താമസിക്കുന്ന ഗ്യാലക്‌സി അപ്പാര്‍ട്ട്മെന്‍റിന് പുറത്ത് മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം നാല് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഈ മാസം പതിനാലിന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു വെടിവയ്‌പ്പ്. പിന്നീട് ഇവര്‍ രക്ഷപ്പെട്ടു.