ന്യൂഡൽഹി : 2009 മുതല്‍ 2019 വരെ വായു മലിനീകരണവുമായി ബന്ധപ്പെട്ട് 15 ലക്ഷത്തോളം മരണം സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന പഠനം പുറത്ത്. പിഎം 2.5 അളവ് കൂടുതലുളള പ്രദേശങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് വഴി 10 വര്‍ഷത്തിനുളളില്‍ 15 ലക്ഷം ആളുകള്‍ മരിച്ചതായാണ് ദി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഇന്ത്യയിലെ 1.4 ബില്യൺ ആളുകളും പിഎം 2.5 അളവ് കൂടുതലുള്ള പ്രദേശങ്ങളിലാണ് ജീവിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ജനസംഖ്യയുടെ ഏകദേശം 82 ശതമാനം, അതായത് 1.1 ബില്യൺ ആളുകളും താമസിക്കുന്നത് പിഎം 2.5 അളവ് കൂടുതലുള്ള പ്രദേശങ്ങളിലാണെന്നും പഠനത്തില്‍ പറയുന്നു. ഇന്ത്യൻ നാഷണൽ ആംബിയൻ്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്‌സ് ശുപാര്‍ശ ചെയ്യുന്ന ഒരു ക്യുബിക് മീറ്ററിന് 40 മൈക്രോൺ എന്ന കണക്കില്‍ കൂടുതലുളള പ്രദേശങ്ങളാണിത്. ഒരു ക്യൂബിക് മീറ്ററിന് 10 മൈക്രോൺ എന്ന തോതിൽ പിഎം 2.5 മലിനീകരണത്തിൽ പ്രതിവർഷം ഉണ്ടാകുന്ന വർധന 8.6 ശതമാനം കൂടുതല്‍ മരണത്തിന് കാരണമാകുന്നതായും ഗവേഷകർ കണ്ടെത്തി.
ഓരോ വര്‍ഷവും പിഎം 2.5 മലിനീകരണം കൂടിവരികയാണെന്നും പഠനത്തിലൂടെ കണ്ടെത്തി. ഏറ്റഴും കുറവ് പിഎം 2.5 രേഖപ്പെടുത്തിയത് 2019ൽ അരുണാചൽ പ്രദേശിലെ ലോവർ സുബൻസിരി ജില്ലയിലാണ് (ക്യുബിക് മീറ്ററിന് 11.2 മൈക്രോൺ), ഏറ്റവും കൂടുതല്‍ അളവ് 2019ല്‍ ഉത്തർപ്രദേശിലെ ഗാസിയാബാദിലും 2016ൽ ഡൽഹിയിലുമാണ് (119 മൈക്രോൺ ഒരു ക്യുബിക് മീറ്ററിന്) രേഖപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹരിയാനയിലെ അശോക സർവകലാശാല, ന്യൂഡൽഹിയിലെ സെൻ്റർ ഫോർ ക്രോണിക് ഡിസീസ് കൺട്രോൾ എന്നിവയുൾപ്പെടെയുള്ളവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 2009 മുതൽ 2019 വരെ ഇന്ത്യയിലുടനീളമുണ്ടായിട്ടുളള വാർഷിക മരണങ്ങൾ ജില്ലാ തലത്തിൽ പരിശോധിക്കുകയും 1000ത്തില്‍ അധികം ഗ്രൗണ്ട് മോണിറ്ററിങ് സ്റ്റേഷനുകളിൽ നിന്നുളള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിഎം2.5 പരിശോധിക്കുകയും ചെയ്‌താണ് പഠനം പൂര്‍ത്തിയാക്കിയത്. സിവിൽ രജിസ്ട്രേഷൻ സിസ്റ്റത്തിൽ നിന്നാണ് മരണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എടുത്തത്.
Also Read: ഗംഗാ ജലം കുടിക്കാന്‍ കൊള്ളില്ല, കുളിക്കാം; മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോര്‍ട്ട് പുറത്ത്