പാറ്റ്ന: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ എന്‍ഡി എയുമായി അടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കം ശക്തമാക്കി ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്. ബീഹാറിലെ മഹാ സഖ്യം ഉലച്ചിലില്ലാതെ നിര്‍ത്തുന്നതിന്‍റെ ഭാഗമായാണ് ലാലുവും മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി പ്രസാദ് യാദവും മുഖ്യമന്ത്രി നിതീഷ് കുമാറിനെ കണ്ടത്(Mahagadbandhan leaders met to discuss seat sharing in Bihar).
ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തെത്തുടര്‍ന്നാണ് നിതീഷിന്‍റെ മുന്നണി മാറ്റത്തെക്കുറിച്ച് സന്ദേഹം ഉയര്‍ന്നത്. മുന്‍ സഖ്യ കക്ഷികളായ ജെഡിയു പോലുള്ളവരെ ഉള്‍ക്കൊള്ളാന്‍ ബിജെപി തയാറാണോയെന്ന ചോദ്യത്തിന് മറുപടിയായാണ് അത്തരമൊരു നിര്‍ദേശം നിതീഷ് കുമാറില്‍ നിന്നു വന്നാല്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞത്. നിതീഷിനു മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ എന്നെന്നേക്കുമായി അടഞ്ഞു എന്ന് ബീഹാറിലെ റാലികളില്‍ നിരന്തരം പ്രസംഗിച്ച അമിത് ഷാ ആണ് അഭിമുഖത്തില്‍ തീര്‍ത്തും വ്യത്യസ്തമായ നിലപാട് അറിയിച്ചത്.
ലോക് സഭാ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ ആര്‍ജെഡി മഹാ സഖ്യത്തിലെ നേതാക്കളുടെ യോഗം വിളിച്ചതിന് സമാന്തരമായി ബിജെപി നിയമസഭാ കക്ഷിയോഗവും വിളിച്ചു ചേര്‍ത്തത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. എന്നാല്‍ തങ്ങളുടേത് മുന്‍കൂട്ടി നിശ്ചയിച്ച യോഗമായിരുന്നുവെന്ന് പിന്നീട് ബിജെപി വിശദീകരിച്ചു. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ബജറ്റ് സമ്മേളനം എന്നിവയടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായിരുന്നു യോഗമെന്നും ബിജെപി വിശദീകരിച്ചു.
നിതീഷുമായുള്ള കൂടിക്കാഴ്ചയില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ആര്‍ജെഡി നേതാക്കളും പ്രതികരിച്ചു. തങ്ങളുടെ മുന്നണി അഭേദ്യമാണെന്നും ജെഡിയു ആര്‍ജെഡി ബന്ധം ദൃഢതരമാണെന്നും കൂടിക്കാഴ്ചക്ക് ശേഷം തേജസ്വി യാദവ് മാധ്യമങ്ങളോട് പറഞ്ഞു. "അമിത് ഷാ പറയാന്‍ ശ്രമിച്ചത് എന്താണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ.സര്‍ക്കാര്‍ കാര്യങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയും ഞാനും അടിക്കടി കൂടിക്കാഴ്ച നടത്താറുണ്ട്. മുന്നണി ബന്ധവും കൂടിക്കാഴ്ചയുമായി ഒരു ബന്ധവുമില്ല. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ എന്നെക്കിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടി പ്വര്‍ത്തിക്കുന്ന ഞങ്ങളുടെ സര്‍ക്കാരിനെ അതില്‍ നിന്ന് വഴിതിരിച്ചു വിടാന്‍ ഒരു ശക്തിക്കും സാധിക്കില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ ആര്‍ജെഡിയു ജെഡിയുവും ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും " തേജസ്വി യാദവ് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച സെക്യുലര്‍ നേതാവുമായ ജിതന്‍ റാം മാഞ്ചി കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമത്തിലൂടെ നടത്തിയ ഒരു പ്രതികരണവും അഭ്യൂഹങ്ങള്‍ക്ക് വഴി വെച്ചിരുന്നു. " ഡല്‍ഹിയിലാണെങ്കിലും ബീഹാറിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഫെബ്രുവരി 25 വരെ പാറ്റ്നയില്‍ ഉണ്ടാവണമെന്ന് പാര്‍ട്ടി എം എല്‍ എ മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. " എന്ന് എക്സില്‍ ജിതന്‍ റാം മാഞ്ചി കുറിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് ലോക് സഭാ തെരഞ്ഞെടുപ്പ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍ഡി എ സഖ്യകക്ഷികളായ ലോക്ജനശക്തി പാര്‍ട്ടിയും ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച സെക്യുലറും രാഷ്ട്രീയ ലോക് ജനതാദളും ഡള്‍ഹിയില്‍ യോഗം ചേര്‍ന്നത്.
ലാലുവിന്‍റെ അനുഗ്രഹവും ഔദാര്യവും കൊണ്ടാമ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരുന്നതെന്ന ആര്‍ ജെഡി നേതാവ് ഭായി ബീരേന്ദ്രയുടെ പ്രസ്താവന ജെഡിയു നേതാക്കളെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു.