ന്യൂഡൽഹി : കുവൈറ്റില്‍ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 40 ഓളം ഇന്ത്യക്കാർ മരിക്കുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി വിദേശകാര്യ മന്ത്രാലയം. മരണപ്പെട്ടവരില്‍ 24 മലയാളികള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.
കൊല്ലം പുനലൂര്‍ സ്വദേശിയായ സാജന്‍ ജോര്‍ജ്, വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, വയ്യാങ്കര സ്വദേശി ഷമീര്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരന്‍, പന്തളം സ്വദേശി ആകാശ് ശശിധരന്‍ നായര്‍, കോന്നി അട്ടച്ചാല്‍ സ്വദേശിയായ സജു വര്‍ഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ്, പുലാമന്തോള്‍ സ്വദേശി ബാഹുലേയന്‍, മലപ്പുറം തിരൂര്‍ സ്വദേശി നൂഹ്, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്‌ണന്‍, കാസര്‍കോട് ചെര്‍ക്കള സ്വദേശി രജ്ഞിത്ത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റവരെ കുവൈറ്റിലെ അദാൻ, ജാബർ, ഫർവാനിയ, മുബാറക് അൽ കബീർ, ജഹ്‌റ എന്നീ അഞ്ച് സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
'ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും സുഖമായിരിക്കുന്നു. കുവൈറ്റ് അധികൃതരിൽ നിന്നും കമ്പനിയിൽ നിന്നും എംബസി മുഴുവൻ വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു' -വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
സംഭവത്തെത്തുടർന്ന് കുവൈറ്റിലെ ഇന്ത്യൻ അംബാസിഡറായ ആദർശ് സ്വൈക സംഭവ സ്ഥലവും ആശുപത്രികളും സന്ദർശിച്ചു. മൃതദേഹങ്ങൾ നേരത്തെ നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വർധൻ സിങ് ഉടൻ കുവൈറ്റിലേക്ക് പുറപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
കുടുംബാംഗങ്ങൾക്ക് ബന്ധപ്പെടാനായി എംബസി ഹെൽപ്പ് ലൈൻ നമ്പർ സ്ഥാപിച്ചിട്ടുണ്ട്. +965-65505246 വാട്‌സ്‌ആപ്പ് വഴിയും സാധാരണ കോൾ വഴിയും ബന്ധപ്പെടാവുന്നതാണ്. കുവൈറ്റിലെ തീപിടിത്തത്തിൻ്റെ വാർത്ത പുറത്തുവന്നയുടനെതന്നെ പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: കുവൈറ്റിലെ തീപിടിത്തം: മരിച്ചവരില്‍ 21 മലയാളികളെന്ന് കുവൈറ്റി മാധ്യമങ്ങള്‍