ഹൈദരാബാദ് : ബിആര്‍എസ് എംഎല്‍സി കെ കവിതയുടെ അറസ്റ്റിനെ നിയമപരമായി നേരിടുമെന്ന് ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്‍റും കവിതയുടെ സഹോദരനുമായ കെടി രാമറാവു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സമാധാനപരമായി തുടരണമെന്നും അദ്ദേഹം അറിയിച്ചു. കവിതയുടെ അറസ്റ്റിന് പിന്നാലെ തെലങ്കാനയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെടി രാമറാവു.
ട്രാന്‍സിറ്റ് വാറന്‍റില്ലാതെ കവിതയെ എങ്ങനെ അറസ്റ്റ് ചെയ്‌ത് കൊണ്ടുപോകാന്‍ കഴിയുമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ വാക്ക് ഇഡിക്ക് എങ്ങനെ നിഷേധിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഈ സംഭവത്തില്‍ ഇഡിക്ക് കോടതിയില്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വരുമെന്നും കെടിആര്‍ വ്യക്തമാക്കി.
ഇന്ന് (മാര്‍ച്ച് 15) ഉച്ചയോടെയാണ് ജൂബിലി ഹില്‍സിലെ കവിതയുടെ വസതിയില്‍ ഇഡി പരിശോധനക്കെത്തിയത്. റെയ്‌ഡിനിടെ വീട്ടില്‍ പ്രവേശിക്കുന്നത് തടഞ്ഞ ഉദ്യോഗസ്ഥരോട് കെടിആര്‍ രോഷം പ്രകടിപ്പിച്ചു. അദ്ദേഹത്തോടൊപ്പം തെലങ്കാന മുന്‍ മന്ത്രിയും മുതിര്‍ന്ന ബിആര്‍എസ് നേതാവുമായ ഹരീഷ് റാവുവും സ്ഥലത്തെത്തിയിരുന്നു. ഇഡി നിലപാട് ചോദ്യം ചെയ്‌ത ഹരീഷ് റാവുവും ഇഡി ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. വീട്ടിലെ റെയ്‌ഡിന് ശേഷം കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഇഡി ഉദ്യോഗസ്ഥരുമായി കെടിആറും രൂക്ഷമായ വാക്കേറ്റമുണ്ടായി.
ഇത് ഭയപ്പെടുത്താനുള്ളത് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിആര്‍എസിനെ ഭയപ്പെടുത്താനുള്ള നീക്കമാണ് കവിതയുടെ അറസ്റ്റെന്ന് മുന്‍ മന്ത്രി പ്രശാന്ത് റെഡ്ഡി ആരോപിച്ചു. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് കവിതയ്‌ക്ക് ഡല്‍ഹിയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്‌തു. ഇതിന് പിന്നാലെയാണ് ഇഡി ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി പരിശോധന നടത്തിയതെന്നും പ്രശാന്ത് റെഡ്ഡി പറഞ്ഞു.
ഹൈദരാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത് റെഡ്ഡി. സുപ്രീംകോടതിയില്‍ വിചാരണ നടക്കുമ്പോഴുള്ള ഈ അറസ്റ്റ് ശരിയല്ല. ഇത് രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. കവിതയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവും അധാർമ്മികവുമാണ്.
ബിആർഎസിനെ ചെളിവാരിയെറിയാനും പാർട്ടിയെ ദ്രോഹിക്കാനുമായാണ് ഇഡി ഇത്തരം നടപടികള്‍ സ്വീകരിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകാനിരിക്കെ ബിആര്‍എസിനെയും കെസിആറിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് തിടുക്കപ്പെട്ടുള്ള ഈ അറസ്റ്റ്.
കേന്ദ്രത്തിന്‍റെ ഇത്തരം നടപടികള്‍ക്കെതിരെ തെലങ്കാനയിൽ നാളെ (മാര്‍ച്ച് 16) സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. വിഷയത്തില്‍ പാര്‍ട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞ ഹരീഷ് റാവു തെലങ്കാന ബിജെപി അധ്യക്ഷൻ ജി കിഷൻ റെഡ്ഡി ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെയും ആഞ്ഞടിച്ചു. അതേസമയം എന്തിനാണ് കവിതയെ അറസ്റ്റ് ചെയ്യുന്നതെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ലെന്ന് ബിആർഎസ് ലീഗൽ സെൽ ജനറൽ സെക്രട്ടറി സോമ ഭരത് പറഞ്ഞു.
Also Read: മദ്യനയ അഴിമതി കേസ് : ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റില്‍