ശിവമോഗ : ബിജെപിയിൽ നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി ശിവമോഗയിലെ വിമത സ്ഥാനാർഥി കെഎസ് ഈശ്വരപ്പ. ബിജെപിയിൽ നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അതിനായി കാത്തിരിക്കുകയായിരുന്നെന്നും ശിവമോഗയിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഈശ്വരപ്പ പറഞ്ഞു.
'ഒരു പുറത്താക്കലിനെയും ഞാൻ ഭയപ്പെടുന്നില്ല, തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആദ്യം മുതൽ ഞാൻ പറയുന്നതാണ്. മാത്രമല്ല വിജയിക്കുമെന്നതും വ്യക്തമാണ്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കുന്നതിനും ഞാൻ കൈ ഉയർത്തും. എല്ലാ പാർട്ടി പ്രവർത്തകരും എന്നെ പിന്തുണയ്ക്കുന്നുണ്ട്. പുറത്താക്കൽ കത്ത് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനെയൊന്നും ഞാൻ ഭയക്കുന്നില്ല. പ്രചാരണം ശക്തമാക്കും' - ഈശ്വരപ്പ വ്യക്തമാക്കി.
'ബിജെപിയെ ശുദ്ധീകരിക്കാൻ വേണ്ടിയാണ് ഞാൻ പോരാടുന്നത്. തെരഞ്ഞെടുപ്പിന് നില്‍ക്കാനുള്ള തീരുമാനം പലരെയും സന്തോഷിപ്പിച്ചിട്ടുണ്ട്. ഞാൻ കർഷകരുടെ പേരിൽ പോരാടും, താമര ചിഹ്നത്തിൽ നിന്ന് താത്കാലികമായി പിന്മാറുന്നു. മതം വിജയിക്കും, എന്‍റെ പോരാട്ടം വിജയിക്കും. അമ്മയെപ്പോലെയാണ് ബിജെപി. ഞാൻ വീണ്ടും പാർട്ടിയിൽ ചേരും' - അദ്ദേഹം പറഞ്ഞു.
കരിമ്പുമായുള്ള കർഷകന്‍റെ ചിഹ്നമാണ് ഈശ്വരപ്പയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത്. ഈ ചിഹ്നത്തിൽ ഈശ്വരപ്പയ്ക്ക് പ്രചാരണം നടത്താം.
ALSO READ: സാമ്പത്തിക ക്രമക്കേടുകൾ, അനധികൃത നിയമനം; വെള്ളനാട് ശശിയെ കോണ്‍ഗ്രസ് പുറത്താക്കി