കൊല്‍ക്കത്ത : ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ നീതി ആവശ്യപ്പെട്ട് ഡോക്‌ടര്‍മാര്‍ നടത്തിയ കുത്തിയിരിപ്പ് സമരം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സിപിഎം യുവജന വിഭാഗം നേതാവും പാര്‍ട്ടിയുടെ കൊല്‍ക്കത്ത ജില്ല കമ്മിറ്റി അംഗവുമായ കലാതന്‍ ദാസ് ഗുപ്‌തയെ പൊലീസ് അറസ്റ്റ് ചെയ്‌തു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് ഇത് സംബന്ധിച്ച ഒരു ഓഡിയോ സന്ദേശം പുറത്ത് വിട്ടതിന് പിന്നാലെയാണ് നടപടി. സാള്‍ട്ട് ലേക്കിലെ സെക്‌ടര്‍ അഞ്ചിലുള്ള സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വസ്ഥ്യ ഭവന് പുറത്ത് നടന്ന പ്രതിഷേധങ്ങള്‍ അട്ടിമറിക്കാനായിരുന്നു ശ്രമം.
ശബ്‌ദ സന്ദേശം പുറത്ത് വന്നതിനെ തുടര്‍ന്ന് ബിധാന്‍ നഗര്‍ പൊലീസ് കമ്മിഷണറേറ്റ് പ്രഥമദൃഷ്‌ട്യാ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സഞ്ജീബ് ദാസ് എന്നൊരാളെ ദക്ഷിണ കൊല്‍ക്കത്തയിലെ കസബ മേഖലയിലെ ഹാല്‍ത്തുവില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്‌തിരുന്നു. ശബ്‌ദ സന്ദേശത്തില്‍ കേട്ടതിലൊന്ന് ഇയാളുടെ സ്വരമാണെന്ന് പൊലീസ് പറയുന്നു. കലാതനും മറ്റൊരു പാര്‍ട്ടി സഹപ്രവര്‍ത്തകനും ലാല്‍ബസാറിലുള്ള കൊല്‍ക്കത്ത പൊലീസ് ആസ്ഥാനത്തിന്‍റെ സമീപമുള്ള മധ്യ കൊല്‍ക്കത്തയിലെ ഫെയേഴ്‌സ് ലൈനില്‍ ഇടതു സഖ്യത്തിന്‍റെ രാത്രി കുത്തിയിരിപ്പ് സമരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴി മധ്യേ പൊലീസ് ചോദ്യം ചെയ്യലിന് വേണ്ടി കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കലാതനെ പിന്നീട് ഇലക്‌ട്രോണിക്‌സ് കോംപ്ലക്‌സ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് സഞ്ജീബ് ദാസിനൊപ്പം പ്രാദേശിക കോടതിയില്‍ ഹാജരാക്കി.
വിദഗ്‌ധര്‍ പരിശോധിച്ച ശേഷമാണ് ശബ്‌ദസന്ദേശത്തെ വിലയിരുത്തിയത്. ഇതിലൊരു ശബ്‌ദം തന്‍റേതാണെന്ന് സഞ്ജീബ് ദാസ് ഇതിനകം തന്നെ സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും തങ്ങള്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അനീഷ് സര്‍ക്കാര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതകത്തില്‍ നീതി ആവശ്യപ്പെട്ടാണ് തങ്ങള്‍ പ്രക്ഷോഭം നടത്തുന്നത്. എന്നാല്‍ ഇതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് തങ്ങളുടെ അറസ്റ്റെന്ന് സിപിഎം നേതാവ് ചൂണ്ടിക്കാട്ടി.
കലാതന്‍ ദാസ് ഗുപ്‌തയുടെ അറസ്റ്റിനെ അപലപിച്ച് സിപിഎം നേതാവ് സുജന്‍ ചക്രബര്‍ത്തിയും സത്തരുപ് ഘോഷും രംഗത്തെത്തി. എഐ സാങ്കേതികത ഉപയോഗിച്ച് നിര്‍മിച്ച ശബ്‌ദ സന്ദേശമാണ് ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടി. പക്വതയില്ലാത്തതാണ് പൊലീസിന്‍റെ നടപടി. ആദ്യം കുനാല്‍ ഘോഷിനെ കസ്റ്റഡിയിലെടുത്ത് ഈ ശബ്‌ദ സന്ദേശം എവിടെ നിന്ന് കിട്ടിയെന്ന് ചോദ്യം ചെയ്യാനും അവര്‍ നിര്‍ദേശിച്ചു. ആര്‍ജി കര്‍ കേസില്‍ നീതി ആവശ്യപ്പെടുന്നവരെ അനാവശ്യമായി അപമാനിക്കുകയാണ്. ഇത് അവസാനിപ്പിക്കണെന്നും കൊല്‍ക്കത്ത മുന്‍ മേയര്‍ സിപിഎം രാജ്യസഭാംഗവുമായ ബികാഷ് ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മുപ്പത്തിനാല് ദിവസമായി ജൂനിയര്‍ ഡോക്‌ടര്‍മാര്‍ പണിമുടക്കി പ്രതിഷേധിക്കുകയാണ്. നിരവധി ആവശ്യങ്ങളുയര്‍ത്തിയാണ് സ്വാസ്ഥ്യഭവന് മുന്നില്‍ ഇവര്‍ പ്രതിഷേധിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷ വര്‍ധിപ്പിക്കുക, ഒരു പറ്റം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ നീക്കുക, കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജി വയ്ക്കുക തുടങ്ങിയവയാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍.