കൊൽക്കത്ത: വനിത ഡോക്‌ടെറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ നല്‍കാൻ ശ്രമിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേസ് അന്വേഷണം വേഗത്തിലാക്കാനും വിചാരണ അതിവേഗ കോടതിയിലാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മമത ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്‌ടറാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്‌ച ആശുപത്രിയിലെ സെമിനാർ ഹാളിലാണ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. അർദ്ധനഗ്നയായ നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയ്‌ക്കും പോസ്‌റ്റുമാർട്ടം റിപ്പോർട്ടും അനുസരിച്ച് കൊല്ലപ്പെടുന്നതിന് മുൻപ് ഡോക്‌ടർ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു.
പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയർ ഡോക്‌ടർമാർ സമരങ്ങളും, ജാഥകളും നടത്തിയതിനെയും മമത ബാനർജി ന്യായീകരിച്ചു. ഈ സംഭവം വളരെ ഭയാനവും ക്രൂരവുമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ജൂനിയർ ഡോക്‌ടർമാരോട് സമരത്തോടൊപ്പം തന്നെ പഠനവും തുടരാൻ അഭ്യർഥിച്ചു.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിക്ക് ഏറ്റവും ഉയർന്ന ശിക്ഷ ലഭിക്കുമെന്ന് പൊലീസ് ഉറപ്പാക്കുമെന്ന് കൊൽക്കത്ത പൊലീസ് കമ്മീഷ്‌ണർ വിനീത് ഗോയൽ നേരത്തെ പറഞ്ഞിരുന്നു. നിലവിൽ ഒരാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. രണ്ട് പിജി വിദ്യാർഥികളെ ചോദ്യം ചെയ്‌തുവരുകയാണ്.